ചെന്നൈ : ഐപിഎൽ എലിമിനേഷൻ മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് തകർപ്പൻ ജയം. ആകാശ് മധ്‌വാളിന്റെ തകർപ്പൻ ബൗളിംഗും മുംബൈയുടെ ഫീൽഡിംഗ് മികവുമാണ് ലക്നൗവിനെ തകർത്തത്. മുംബൈ ഉയർത്തിയ 183 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ലക്നൗവിന്റെ ഇന്നിംഗ്സ് 16.3 ഓവറിൽ 101 റൺസിൽ അവസാനിച്ചു. മുംബൈക്ക് വേണ്ടി ആകാശ് മധ്‌വാൾ 5 റൺസിന് 5 വിക്കറ്റുകൾ വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 182 റൺസാണെടുത്തത്. മുൻ നിര ബാറ്റ്സ്മാന്മാരെല്ലാം രണ്ടക്കം കടന്നതാണ് മുംബൈക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. 23 പന്തിൽ 41 റൺസെടുത്ത കാമറൂൺ ഗ്രീനാണ് ടോപ് സ്കോറർ. സൂര്യകുമാർ യാദവ് 33 ഉം തിലക് വർമ്മ 26 ഉം റൺസെടുത്തു. ഇംപാക്ട് പ്ലെയർ ആയി ഇറങ്ങിയ നിഹാൽ വധേര അവസാന ഓവറിൽ ആഞ്ഞടിച്ചതോടെയാണ് മുംബൈ സ്കോർ 182 ഇൽ എത്തിയത്. വധേര 12 പന്തിൽ 23 റൺസെടുത്തു. ലക്നൗവിനു വേണ്ടി നവീൻ ഉൽ ഹഖ് 38 റൺസിന് 4 വിക്കറ്റുകൾ വീഴ്ത്തി.
183 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ലക്നൗവിന് 23 റൺസിനിടെ ഓപ്പണർമാരെ നഷ്ടമായി. കെയ്ൽ മെയേഴ്സ് 18 റൺസിനും പ്രേരക് മങ്കാദ് 3 റൺസിനും പുറത്തായി. ക്രുനാൽ പാണ്ഡ്യ – മാർകസ് സ്റ്റോയിനിസ് സഖ്യം മൂന്നാം വിക്കറ്റിൽ 46 റൺസ് നേടി. പിയൂഷ് ചൗള ക്രുനാലിനെ പുറത്താക്കിയതോടെ ലക്നൗവിന്റെ തകർച്ച ആരംഭിച്ചു. ആയുഷ് ബദൗനിയേയും സ്റ്റാർ ബാറ്റ്സ്മാൻ നിക്കോളാസ് പൂരനേയും അടുത്തടുത്ത പന്തുകളിൽ പുറത്താക്കി ആകാശ് മധ്‌വാൾ മുംബൈക്ക് മേൽക്കൈ സമ്മാനിച്ചു.
27 പന്തിൽ 40 റൺസെടുത്ത് നന്നായി ബാറ്റ് ചെയ്യുകയായിരുന്ന മാർകസ് സ്റ്റോയിനിസ് ദീപക് ഹൂഡയുമായുള്ള ആശയക്കുഴപ്പത്തിൽ റണ്ണൗട്ടായതോടെ ജയന്റ്സിന്റെ തോൽവി ഉറപ്പായി. തുടർന്ന് കൃഷ്ണപ്പ ഗൗതവും ദീപക് ഹൂഡയും റണ്ണൗട്ടായി പവലിയൻ കയറി. അവസാനത്തെ രണ്ടു വിക്കറ്റുകൾ മധ്‌വാൾ പിഴുതതോടെ പൊരുതാൻ പോലുമാകാതെ ജയന്റ്സ് തോൽവി സമ്മതിക്കുകയായിരുന്നു. മധ്‌വാളാണ് പ്ലെയർ ഓഫ് ദ മാച്ച്. വെള്ളിയാഴ്ച്ച നടക്കുന്ന ഗുജറാത്ത് – മുംബൈ മത്സരത്തിലെ വിജയികൾ ഫൈനലിൽ ചെന്നൈയെ നേരിടും.
Discussion about this post