ന്യൂഡൽഹി: പാർലമെന്റ് ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കാൻ തീരുമാനിച്ച പ്രതിപക്ഷ പാർട്ടികളെ നിശിതമായി വിമർശിച്ച് അനിൽ കെ ആന്റണി. ഉദ്ഘാടനം ചെയ്യാൻ പോകുന്നത് ഇന്ത്യയുടെ പാർലമെന്റാണെന്നും അല്ലാതെ ഒരു രാഷ്ട്രീയ പാർട്ടിയുടേതല്ലെന്നും അനിൽ കെ ആന്റണി പറഞ്ഞു.
പാർലമെന്റ് ഉദ്ഘാടനം ബഹിഷ്‌കരിക്കാൻ തീരുമാനിച്ചവർ 2024 ലെ തിരഞ്ഞെടുപ്പിൽ ജനങ്ങൾ ബഹിഷ്‌കരിക്കാൻ അർഹത നേടിയവരാണെന്നും അനിൽ കെ ആന്റണി ട്വിറ്ററിലൂടെ നടത്തിയ പ്രതികരണത്തിൽ പറഞ്ഞു. വിവേകശൂന്യമായ സ്വന്തം പ്രവൃത്തിയും വാക്കുകളും കൊണ്ട് രാഹുൽ സഭയിൽ അയോഗ്യനാക്കപ്പെട്ടതോടെ ആ ചരിത്ര നിമിഷത്തിൽ അദ്ദേഹത്തിന് പങ്കെടുക്കാനാകില്ല. അതുകൊണ്ടാണ് കോൺഗ്രസ് ഇത്തരം അസ്വസ്ഥതകൾ ഉണ്ടാക്കുന്നതെന്നും രാഹുൽ അയോഗ്യനാക്കപ്പെട്ടപ്പോൾ മുതൽ തുടങ്ങിയതാണിതെന്നും അനിൽ ആന്റണി ചൂണ്ടിക്കാട്ടി.
കോൺഗ്രസ്, ഡിഎംകെ, തൃണമൂൽ കോൺഗ്രസ്, ആം ആദ്മി പാർട്ടി, എൻസിപി, സമാജ് വാദി പാർട്ടി, ആർജെഡി തുടങ്ങി 19 പാർട്ടികളാണ് പുതിയ പാർലമെന്റ് ഉദ്ഘാടനം ബഹിഷ്‌കരിക്കാൻ തീരുമാനം എടുത്തിരിക്കുന്നത്. എന്നാൽ പ്രതിപക്ഷത്തുളള ബിജു ജനതാദളും വൈഎസ്ആർ കോൺഗ്രസും ചടങ്ങിൽ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
പുതിയ പാർലമെന്റിന്റെ ഉദ്ഘാടനം ബഹിഷ്‌കരിക്കാനുളള മറ്റ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനത്തെ ഇരു പാർട്ടികളും വിമർശിക്കുകയും ചെയ്തു. ഈ മാസം 28 നാണ് പ്രധാനമന്ത്രി പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നത്.
Discussion about this post