ന്യൂഡൽഹി: ഭാരതത്തിന്റെ അധികാര കൈമാറ്റത്തിന്റെ പ്രതീകമായ ചെങ്കോൽ പുതിയ പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിക്കാൻ എടുത്ത തീരുമാനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് നന്ദി പറഞ്ഞ് സി രാജഗോപാലാചാരിയുടെ ചെറുമകൻ സിആർ കേശവൻ. ബ്രിട്ടീഷ് ഇന്ത്യയുടെ അവസാനത്തേതും സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെയും ഗവർണർ ജനറൽ ആയിരുന്നു സി രാജഗോപാലാചാരി.
ഇന്ത്യയുടെ പൈതൃകത്തെക്കുറിച്ച് അത്രയ്ക്ക് അറിവുളളവർക്ക് മാത്രമേ ആ പാരമ്പര്യം ഇത്തരം പ്രധാന ചടങ്ങുകളിൽ ഉറപ്പിക്കാനാകൂവെന്ന് സിആർ കേശവൻ പറഞ്ഞു. ബ്രിട്ടീഷുകാർ ഇന്ത്യയ്ക്ക് അധികാരം കൈമാറ്റം ചെയ്തതിന്റെ അടയാളമാണത്. അതുകൊണ്ടു തന്നെ പുതിയ പാർലമെന്റ് മന്ദിരത്തിൽ പ്രധാനമന്ത്രി സ്ഥാപിക്കുന്നത് ചരിത്രപരവും പരിപാവനവുമായ ചെങ്കോൽ ആണെന്നും സിആർ കേശവൻ ചൂണ്ടിക്കാട്ടി.
ചെങ്കോല് കൈമാറി നടത്തിയ അധികാരകൈമാറ്റം ഇന്ന് പലർക്കും അറിവുളളതല്ല. അതുകൊണ്ടു തന്നെ ഒരു ഇന്ത്യൻ പൗരനെന്ന നിലയിൽ പ്രധാനമന്ത്രിയോട് ഞാൻ നന്ദി പറയുന്നു. നമ്മുടെ മൂല്യങ്ങളും പാരമ്പര്യവും ആഴത്തിൽ മാനിക്കുന്ന ഒരാൾക്ക് മാത്രമേ അങ്ങനെ ചെയ്യാനാകൂവെന്നും സിആർ കേശവൻ കൂട്ടിച്ചേർത്തു.
പഴയ പാർലമെന്റിൽ ഇന്ത്യയുടെ യാതൊരു പാരമ്പര്യവും അടങ്ങിയിരുന്നില്ല. പുതിയ പാർലമെന്റ് മന്ദിരം എല്ലാ ഇന്ത്യക്കാർക്കും ഉത്സവസമാനമായ അന്തരീക്ഷം നൽകുന്നതാണെന്നും സിആർ കേശവൻ പറഞ്ഞു.
1947 ആഗസ്ത് 14 ന് സ്വാതന്ത്ര്യം ലഭിച്ച രാത്രി ബ്രിട്ടീഷ് വൈസ്രോയ് മൗണ്ട് ബാറ്റൺ പ്രഭുവിൽ നിന്ന് പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന് കൈമാറിയ ചെങ്കോൽ സ്പീക്കറുടെ ഇരിപ്പിടത്തിന് തൊട്ടടുത്തായി സ്ഥാപിക്കാനാണ് ഒരുങ്ങുന്നത്. ചോള രാജവംശത്തിന്റെ അധികാരമുദ്രയായ ചെങ്കോൽ സ്വതന്ത്രവും നീതിയുക്തവുമായ ഭരണത്തിന്റെ ചിഹ്നമാണ്. സ്വാതന്ത്ര്യത്തിന്റെ അമൃതകാലത്തിന്റെ പ്രതീകമായിട്ടാണ് ചെങ്കോൽ പാർലമെന്റിൽ സ്ഥാപിക്കാൻ തീരുമാനമെടുത്തത്.
Discussion about this post