ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം രാഷ്ട്രപതി ദ്രൗപതി മുർമു നിർവ്വഹിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി തള്ളി സുപ്രീംകോടതി. കഴിഞ്ഞ ദിവസം ലഭിച്ച പൊതുതാത്പര്യ ഹർജിയാണ് സുപ്രീംകോടതി തള്ളിയത്. ഇത്തരം ഹർജികൾ സ്വീകരിക്കാൻ കഴിയുന്നതല്ലെന്ന് കോടതി വാക്കാൽ അഭിപ്രായപ്പെട്ടു.
പുതിയ പാർലമെന്റ് കെട്ടിടത്തിന്റെ ഉദ്ഘാടന കർമ്മം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നിർവ്വഹിക്കുന്നത്. എന്നാൽ പ്രഥമ വനിതയെന്ന നിലയിൽ രാഷ്ട്രപതിയാണ് ഉദ്ഘാടനം ചെയ്യേണ്ടത് എന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്. ജസ്റ്റിസുമാരായ ജെ.കെ മഹേശ്വരി, പിഎസ് നരസിംഹ എന്നിവർ അടങ്ങുന്ന ബെഞ്ചായിരുന്നു ഹർജി പരിഗണിച്ചത്. ഇതിനിടെ ഇത്തരം ഹർജികൾ അംഗീകരിക്കാൻ കഴിയില്ലെന്ന് ഇരുവരും നിരീക്ഷിക്കുകയായിരുന്നു.
ഭരണഘടനയിലെ ആർട്ടിക്കിൾ 32 ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഇതിന് പിന്നാലെ ഹർജി നൽകിയ അഭിഭാഷക ജയ സുഖിൻ പിൻവലിക്കാൻ അനുവദിക്കണമെന്ന് കോടതിയോട് ആവശ്യപ്പെടുകയായിരുന്നു. കോടതി അനുമതി നൽകിയതോടെ ഹർജി അഭിഭാഷക പിൻവലിച്ചു.
Discussion about this post