കൊച്ചി: ഇലക്ട്രിക് സ്‌കൂട്ടറുകളിൽ മോട്ടോർശേഷി കൂട്ടി തട്ടിപ്പ് നടത്തുന്നതായ പരാതികൾ വ്യാപകമായതിനെ തുടർന്ന് മോട്ടോർ വാഹന വകുപ്പ് സംസ്ഥാന വ്യാപകമായി ഇലക്ട്രിക് സ്‌കൂട്ടർ ഷോറൂമുകളിൽ പരിശോധന നടത്തി. 250 വാട്‌സ് ശേഷിയുളള സ്‌കൂട്ടറുകൾക്ക് മോട്ടോർ വാഹന വകുപ്പ് പരിശോധിച്ചപ്പോൾ 983 വാട്‌സ് വരെയാണ് ശേഷിയെന്ന് ഗതാഗത കമ്മീഷണർ എസ് ശ്രീജിത് ഐപിഎസ് പറഞ്ഞു.
ഇത്തരം സ്‌കൂട്ടറുകളിൽ ലോക്ക് ഉണ്ടാകും. ആ ലോക്ക് തുറന്ന് അൺലോക്ക് ആക്കിയിടും. അപ്പോൾ പെട്രോൾ, ഡീസൽ വാഹനങ്ങളെപ്പോലെ വേഗത്തിൽ പോകാൻ കഴിയുമെന്ന് എസ് ശ്രീജിത് പറഞ്ഞു. അപകടമുണ്ടായാൽ ഈ വാഹനങ്ങൾക്ക് രജിസ്‌ട്രേഷൻ ഇല്ലാത്തതുകൊണ്ടു തന്നെ ഇൻഷുറൻസ് ഉൾപ്പെടെയുളള ക്ലെയിമുകൾ ഒന്നും ലഭിക്കില്ലെന്ന് ഗതാഗത കമ്മീഷണർ പറഞ്ഞു.
വ്യാപകമായി ഇങ്ങനെ ചെയ്യുന്നുണ്ടെന്ന പരാതിയെ തുടർന്നാണ് സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയതെന്ന് എസ് ശ്രീജിത് കൂട്ടിച്ചേർത്തു. ഷോറൂമുകളിൽ വാഹനങ്ങളുടെ ടെസ്റ്റ് റിക്കോർഡ് ഉൾപ്പെടെയാണ് ഉദ്യോഗസ്ഥർ പരിശോധിച്ചത്. കേരളത്തിൽ മുഴുവൻ ഇങ്ങനെ ആയിരത്തിലധികം വാഹനങ്ങൾ വിറ്റഴിക്കുന്നുണ്ടെന്നും ഗതാഗത കമ്മീഷണർ വ്യക്തമാക്കി.
Discussion about this post