ബംഗലൂരു: കർണാടകയിൽ 24 മന്ത്രിമാർ കൂടി സത്യപ്രതിജ്ഞ ചെയ്യും. ആദ്യഘട്ടത്തിൽ സത്യപ്രതിജ്ഞ ചെയ്ത 10 പേർക്ക് പുറമേയാണിത്. മന്ത്രിസഭയുടെ പരമാവധി അംഗസംഖ്യയിലേക്ക് ഇതോടെ എത്തും. മന്ത്രിമാരെ തീരുമാനിച്ചെങ്കിലും വകുപ്പു വിഭജനവും കീറാമുട്ടിയായി തുടരുകയാണ്.
കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹിയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും മന്ത്രിസഭാ വിപുലീകരണം സംബന്ധിച്ച ചർച്ചകൾ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ മന്ത്രിമാരെ പാർട്ടി നേതൃത്വത്തിന്റെ അനുമതിയോടെ തീരുമാനിച്ചത്. എട്ട് മന്ത്രിമാരും മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡികെ ശിവകുമാറുമാണ് കഴിഞ്ഞ ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്തത്.
പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ശനിയാഴ്ച നടക്കുമെന്നാണ് വിവരം. ലിംഗായത്ത്, വൊക്കലിംഗ സമുദായങ്ങൾക്കും മുസ്ലീം വിഭാഗത്തിനുമൊക്കെ പ്രാതിനിധ്യം ഉറപ്പ് നൽകുന്ന മന്ത്രിസഭയാണ് സത്യപ്രതിജ്ഞ ചെയ്യുകയെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചന. 80 ലധികം പേരാണ് മന്ത്രിസ്ഥാനത്തിനായി രംഗത്തുണ്ടായിരുന്നത്.
135 സീറ്റുകൾ നേടിയാണ് കോൺഗ്രസ് കർണാടകയിൽ അധികാരത്തിലെത്തിയത്. സി പുട്ടരംഗഷെട്ടിയെ ഡെപ്യൂട്ടി സ്പീക്കറായി നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ദിനേഷ് ഗുണ്ടുറാവു, കൃഷ്ണ ബൈര ഗൗഡ, ഈശ്വർ ഖാന്ദ്രെ, റഹീം ഖാൻ, സന്തോഷ് ലാഡ്, കെ.എൻ രാജണ്ണ, കെ വെങ്കടേഷ്, എച്ച്‌സി മഹാദേവപ്പ, ബൈരതി സുരേഷ്, ബി നാഗേന്ദ്ര, ലക്ഷ്മി ഹെബ്ബാൽക്കർ, മധു ബംഗാരപ്പ, ഡി സുധാകർ, എംസി സുധാകർ തുടങ്ങിയവർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം.
Discussion about this post