ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കാനുള്ള പ്രതിപക്ഷ കക്ഷികളുടെ തീരുമാനത്തെ വിമർശിച്ച് ലോക്ജനശക്തി പാർട്ടി(രാം വിലാസ്) അധ്യക്ഷൻ ചിരാഗ് പാസ്വാൻ. പുതിയ പാർലമെന്റ് ഉദ്ഘാടനത്തിന് ആശംസകൾ അറിയിച്ച് അ്‌ദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിട്ടുണ്ട്. ”
‘ഞാനും എന്റെ പാർട്ടിയും പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ബഹിഷ്‌കരിക്കാനുള്ള 19 പ്രതിപക്ഷ പാർട്ടികളുടെ തീരുമാനത്തെ അപലപിക്കുന്നു. ഈ ചരിത്ര നിമിഷം ബഹിഷ്‌കരിക്കാനുള്ള പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം ജനാധിപത്യ മൂല്യങ്ങൾക്കും ഭരണഘടനയ്ക്കും നേരെയുള്ള കടന്നാക്രമണമാണെന്നും” ചിരാഗ് പാസ്വാൻ പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ പറയുന്നു. പ്രതിപക്ഷത്തിന്റെ ബഹിഷ്‌കരണം പുതുമയുള്ള കാര്യമല്ല. കഴിഞ്ഞ ഒൻപത് വർഷമായി പ്രതിപക്ഷ പാർട്ടികൾ പാർലമെന്റ് നടപടികൾ തുടർച്ചയായി തടസ്സപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്നും ചിരാഗ് പാസ്വാൻ ആരോപിച്ചു.
”സഖ്യത്തിലായിരുന്നപ്പോഴും അതിൽ നിന്ന് പുറത്ത് പോയശേഷവും പാർട്ടി പൊതുതാത്പര്യം മുൻനിർത്തി സർക്കാർ എടുത്ത തീരുമാനങ്ങളെ എല്ലാം പിന്തുണച്ചിട്ടുണ്ട്. ഞാനും എന്റെ പാർട്ടി പ്രധാനമന്ത്രിയെ പിന്തുണയ്ക്കുന്നു. പ്രതിപക്ഷം അവരുടെ നിലപാട് പുന:പരിശോധിക്കണമെന്നും അഭ്യർത്ഥിക്കുകയാണെന്നും” ചിരാഗ് പാസ്വാൻ പറഞ്ഞു.
Discussion about this post