ന്യൂഡൽഹി: സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ച തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രധനമന്ത്രി നിർമല സീതാരാമന് കത്ത് നൽകി എളമരം കരീം എംപി. ധനമന്ത്രാലയത്തിന്റെ തീരുമാനം കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന്് ആണ് എളമരം കരീമിന്റെ വാദം.
ഏതുവിധേനയും കേരളത്തെ ശ്വാസം മുട്ടിക്കുക എന്നതാണ് കഴിഞ്ഞ കുറെ നാളുകളായി കേന്ദ്ര സർക്കാരിന്റെ സമീപനമെന്നും സംസ്ഥാനത്തിനുള്ള ഗ്രാന്റുകളും, വായ്പകളും, വികസനവും തുടർച്ചയായി നിഷേധിക്കുകയാണമെന്നും എളമരം കരീം കത്തിൽ പറയുന്നു.
വികസന പ്രവർത്തനങ്ങളിൽ സംസ്ഥാനങ്ങളെ സഹായിക്കുന്നതിൽ നിന്നും അവയെ സാമ്പത്തികമായി ശ്വാസംമുട്ടിക്കുക എന്ന നിലയിലേക്ക് കേന്ദ്രത്തിന്റെ നയം മാറുന്നത് അംഗീകരിക്കാൻ സാധിക്കില്ലെന്ന് എളമരം കരീം പറയുന്നു. സംസ്ഥാനത്തിന്റെ വികസന – ക്ഷേമ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുക എന്ന രാഷ്ട്രീയ ലക്ഷ്യവും ഇതിനു പിന്നിലുണ്ടെന്ന് എളമരം കരീം കുറ്റപ്പെടുത്തുന്നു.
സംസ്ഥാനത്തിന് അർഹമായ തുക കടമെടുക്കാൻ അനുവദിക്കണമെന്നും കേരളത്തിന് അർഹതപ്പെട്ട ഗ്രാന്റുകളും മറ്റും എത്രയും വേഗം അനുവദിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു. കിഫ്ബിയുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും പേരിൽ അധിക കടമെടുപ്പ് നടത്തുന്നതിൽ നിന്ന് കേന്ദ്രസർക്കാർ നേരത്തെ സംസ്ഥാന സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഈ പരിധികൾ മറികടന്ന് വൻതോതിൽ കടമെടുപ്പ് തുടർന്നതോടെയാണ് കേന്ദ്രം പരിധി വെട്ടിക്കുറച്ചത്.
കേന്ദ്രസർക്കാരിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും രംഗത്തെത്തിയിട്ടുണ്ട്. ഏഴ് വർഷമായി കേരളത്തെ എങ്ങനെയൊക്കെ ബുദ്ധിമുട്ടിക്കാമെന്നതിലുള്ള ഗവേഷണമാണ് കേന്ദ്രസർക്കാർ തുടരുന്നതെന്ന് സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
Discussion about this post