ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരം 142 കോടി ജനങ്ങളുടെ ആത്മാഭിമാനത്തിന്റെ അടയാളമാണെന്ന് കേന്ദ്രമന്ത്രി സർബാനന്ദ സൊനോവാൾ. 142 കോടി ജനങ്ങളുടെ ആഗ്രഹസാഫല്യമാണിത്. അതുകൊണ്ടു തന്നെ രാജ്യത്തെ എല്ലാ പൗരൻമാർക്കും ഇത് ഒരു ചരിത്ര നിമിഷം ആണെന്നും അദ്ദേഹം പറഞ്ഞു.
ഈ ചരിത്ര ചുവടുവെയ്പ് നടത്തിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദി തീർച്ചയായും അഭിനന്ദനം അർഹിക്കുന്നുണ്ടെന്നും രാജ്യം അദ്ദേഹത്തോട് നന്ദി പറയണമെന്നും താൻ അദ്ദേഹത്തെ അഭിനന്ദിക്കുകയാണെന്നും സർബാനന്ദ സൊനോവാൾ പറഞ്ഞു. പാർലമെന്റ് മന്ദിരം ഉദ്ഘാടനത്തിൽ പ്രതിഷേധിച്ച പ്രതിപക്ഷ പാർട്ടികൾ രാജ്യത്തെ 142 കോടി ജനങ്ങളുടെ വികാരത്തിന് എതിരായിട്ടാണ് നിലകൊണ്ടതെന്നും സർബാനന്ദ സൊനോവാൾ പറഞ്ഞു.
വാർത്താ ഏജൻസിയായ എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു സർബാനന്ദ സൊനോവാളിന്റെ പ്രതികരണം. അടിമത്വത്തിന്റെ മനോനിലയിൽ നിന്ന് നമ്മൾ പുറത്തുകടക്കണമെന്ന് പ്രധാനമന്ത്രി രാജ്യത്തെ ഓരോ പൗരൻമാരോടും ആഹ്വാനം ചെയ്തിരുന്നു. പുതിയ പാർലമെന്റ് മന്ദിരം സ്വതന്ത്ര ഇന്ത്യയുടെ അടയാളമാണ്. ഒരു ഇന്ത്യക്കാരനെന്ന നിലയിൽ താൻ അഭിമാനിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഭാരതം ജനാധിപത്യത്തിന്റെ മാതാവാണെന്ന കാര്യം എല്ലാവർക്കും അറിയാം. ഇന്ന് പുതിയ പാർലമെന്റ് മന്ദിരത്തിലൂടെ രാജ്യം സ്വന്തമാക്കിയത് ഒട്ടേറെ നേട്ടങ്ങളാണ്. പുതിയ സാങ്കേതിക വിദ്യകളിലൂടെ നിർമാണം പൂർത്തിയാക്കിയ തീർത്തും സ്വതന്ത്രമായ പാർലമെന്റാണ് നമ്മുടേതെന്ന് അഭിമാനത്തോടെ പറയാമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post