കോഴിക്കോട്: സ്വകാര്യഭാഗത്ത് ഗുരുതരമായി പരിക്കേറ്റ ഒന്നര വയസ്സുകാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പന്നിയങ്കര സ്വദേശികളായ ദമ്പതികളുടെ കുഞ്ഞിനെയാണ് മാരക പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ചികിത്സയിൽ കഴിയുന്ന കുഞ്ഞിന്റെ നില അതീവ ഗുരുതരമാണ്.
ഇക്കഴിഞ്ഞ 22 നായിരുന്നു ശാരീരിക അവശതകളെ തുടർന്ന് കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ ചികിത്സയിൽ ആന്തരാവയവങ്ങൾക്ക് പരിക്കേറ്റതായി വ്യക്തമായി. ആശുപത്രിയിൽ എത്തുന്നതിന്റെ രണ്ട് ദിവസം മുൻപാണ് കുട്ടിയ്ക്ക് പരിക്കേറ്റത് എന്ന് പരിശോധനയിൽ വ്യക്തമായി. കുട്ടിയുടെ കുടലിലും മലദ്വാരത്തിലും പരിക്കേറ്റിട്ടുണ്ട്. ആരോഗ്യനില ഗുരുതരാവസ്ഥയിൽ ആയതിനെ തുടർന്ന് കുട്ടിയെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയിട്ടുണ്ട്.
കുട്ടിയെ പീഡനത്തിന് ഇരയാക്കിയതാണോ എന്നാണ് സംശയിക്കുന്നത്. സംഭവത്തിൽ വീട്ടുകാരെ ചോദ്യം ചെയ്‌തെങ്കിലും പരസ്പരം വിരുദ്ധമായ മറുപടികളാണ് ഇവർ നൽകുന്നത്. ഇതോടെ ആശുപത്രി അധികൃതർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. എന്നാൽ ഇതിൽ യാതൊരു നടപടിയും പോലീസ് സ്വീകരിച്ചിട്ടില്ലെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്.
Discussion about this post