കൊൽക്കത്ത: പശ്ചിംമ ബംഗാളിൽ ഇരു വിഭാഗം തൃണമൂൽ പ്രവർത്തകർ തമ്മിൽ സംഘർഷം. പരസ്പരം ബോംബെറിഞ്ഞു. മുർഷിദാബാദ് ജില്ലയിലെ പപ്പദാഹ് ഗ്രാമത്തിലായിരുന്നു സംഭവം.
ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ വീടിന് നേരെയാണ് ബോംബ് ഏറ് ഉണ്ടായത്. ഗ്രാമപഞ്ചായത്ത് അംഗവും തൃണമൂൽ നേതാവാണ്. ഇയാളുടെ ബന്ധുവും എതിർ ചേരിയിലെ നേതാവുമായ അമിർ അലി കഴിഞ്ഞ ദിവസം ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇതേ തുടർന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രദേശത്ത് സംഘർഷം നിലനിൽക്കുന്നുണ്ട്. ഇതാണ് ബോംബേറിൽ കലാശിച്ചത്. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മറുവിഭാഗം ഏതാനും ദിവസങ്ങളായി പ്രശ്‌നങ്ങൾ ഉണ്ടാക്കുകയാണ്. ഇതിന്റെ തുടർച്ചയാണ് ബോംബേറ്. പഞ്ചായത്ത് അംഗത്തിന്റെ ആളുകളും ഇവർക്ക് നേരെ ബോംബ് എറിഞ്ഞു.
സംഭവം അറിഞ്ഞ് പോലീസ് സ്ഥലത്ത് എത്തി. പോലീസ് എത്തിയാണ് സംഘർഷം പരിഹരിച്ചത്. കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കുമെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ ആർക്കും പരിക്കില്ല. പ്രദേശത്ത് നിന്നും ബോംബ് കണ്ടെടുത്തിട്ടുണ്ട്. നാടൻ ബോംബാണ് എറിഞ്ഞത് എന്ന് പോലീസ് പറഞ്ഞു.
Discussion about this post