ദിസ്പൂർ: വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് അനുവദിച്ച ആദ്യ വന്ദേഭാരത് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ലാഗ് ഓഫ് ചെയ്തു. ഗുവാഹത്തിയിൽ നിന്നും പശ്ചിമബംഗാളിലെ ന്യൂ ജൽപായ്ഗുരിയിലേക്കാണ് ട്രെയിൻ സർവ്വീസ് നടത്തുക. വീഡിയോ കോൺഫറൻസ് വഴിയാണ് പ്രധാനമന്ത്രി ട്രെയിൻ ഫ്‌ലാഗ് ഓഫ് ചെയ്തത്.
റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ, മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തിരുന്നു. ജൽപായ്ഗുരി -ഗുവാഹത്തി യാത്രയ്ക്ക് വന്ദേഭാരത് വന്നതോടെ ഒരു മണിക്കൂറോളം ലാഭിക്കാനാകും. 411 കിലോമീറ്റർ ദൂരം അഞ്ചര മണിക്കൂർ കൊണ്ടാണ് ട്രെയിൻ സഞ്ചരിക്കുക.
നിലവിൽ ഈ പാതയിൽ ഓടുന്ന വേഗം കൂടിയ ട്രെയിൻ ഈ ദൂരം താണ്ടാൻ ആറര മണിക്കൂറെടുക്കും. എട്ട് കോച്ചുകൾ ഉളള ട്രെയിനിൽ 530 യാത്രക്കാർക്ക് സഞ്ചരിക്കാം. ഒരു എക്‌സിക്യൂട്ടീവ് ക്ലാസും അഞ്ച് ചെയർകാറുകളുമാണുളളത്. ചൊവ്വാഴ്ച ഒഴികെയുളള എല്ലാ ദിനങ്ങളിലും ട്രെയിൻ സർവ്വീസ് നടത്തുമെന്ന് അധികൃതർ അറിയിച്ചു.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വിനോദസഞ്ചാരരംഗവും കണക്ടിവിറ്റിയും വന്ദേഭാരതിന്റെ വരവ് മെച്ചപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ചൂണ്ടിക്കാട്ടി. ജനഹൃദയങ്ങളെ ബന്ധിപ്പിക്കുന്ന ശക്തിയായി ഇന്ത്യൻ റെയിൽവേ ഇന്ന് മാറി. സമൂഹത്തെയും ആളുകളെയും അവസരങ്ങളുമായി ബന്ധിപ്പിക്കുന്ന സംവിധാനമായി ഇന്ത്യൻ റെയിൽവേ മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post