ആലപ്പുഴ: കേരളസർക്കാർ ജീവൻസർക്കാർ മരുന്നുകൾ സൂക്ഷിച്ചത് മീൻവണ്ടിയിൽ. കേരള മെഡിക്കൽ സർവ്വീസസ് കോർപ്പറേഷന്റെ വണ്ടാനത്തെ ബ്ലീച്ചിങ് പൗഡർ ഗോഡൗണിന് തീപിടിച്ചതിനെ തുടർന്നാണ് ഇങ്ങനെ മരുന്നുകൾ സൂക്ഷിക്കേണ്ടി വന്നത്.
കയറ്റുമതിക്കുള്ള മീൻ തുറമുഖത്തേക്കു കൊണ്ടുപോകുന്ന ഇൻസുലേറ്റഡ് വാനാണ് മറ്റ് സംവിധാനങ്ങളില്ലാതായതോടെ വൃത്തിയാക്കി മരുന്നുസംഭരണ കേന്ദ്രമാക്കിയത്.മൈനസ് 22 ഡിഗ്രി സെൽഷ്യസ് വരെ ഇതിൽ താപനില ക്രമീകരിക്കാൻ കഴിയും തീപിടിത്തമുണ്ടായ ദിവസം മുതൽ മുതൽ ഇന്നലെ വൈകീട്ടു വരെ ഇതിലാണ് മരുന്ന് സൂക്ഷിച്ചത്. തുടർന്ന് മരുന്നുകൾ രാത്രിയോടെ കലവൂരിൽ കെഎസ്ഡിപിയുടെ സംഭരണശാലയിലേക്കു മാറ്റി.
തീപിടിച്ച ഗോഡൗണിനു സമീപം പ്രധാന കെട്ടിടത്തിലാണു മരുന്നുകൾ സൂക്ഷിച്ചിരുന്നത്. ഈ കെട്ടിടത്തിന്റെ പിൻഭാഗത്തു തീപിടിച്ചു. 8 എസികളും കത്തിനശിച്ചു. ശീതീകരിച്ചു സൂക്ഷിക്കേണ്ട മരുന്നുകൾ വയ്ക്കാൻ വേറെ മാർഗമില്ലാതായി. ഈ സമയത്താണ് അധികൃതർ മീൻവണ്ടി മരുന്ന് സംഭരണ കേന്ദ്രമാക്കിയത്.
കഴിഞ്ഞ ദിവസമാണ് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിക്കു സമീപമുള്ള മെഡിക്കൽ സർവീസസ് കോർപറേഷന്റെ ഗോഡൗണിൽ തീപിടിത്തമുണ്ടായത്. ബ്ലീച്ചിങ് പൗഡർ സൂക്ഷിച്ചിരുന്ന മുറികളിലാണ് തീപിടിച്ചത്. പുലർച്ചെ ഒന്നരയോടെ ആണ് തീപിടിത്തമുണ്ടായത്. മരുന്നുകൾ സൂക്ഷിച്ചിരുന്നിടത്തേക്ക് പടരുന്നതിന് മുമ്പ് തീ നിയന്ത്രണവിധേയമാക്കുകയായിരുന്നു.
അതേസമയം ഗോഡൗണിലെ രണ്ടാമത്തെ മുറിയിൽ സൂക്ഷിച്ചിരുന്ന 29,300 കിലോഗ്രാം ബ്ലീച്ചിങ് പൗഡർ അവിടെ നിന്നു സംഭരണശാലയുടെ വളപ്പിലേക്ക് മാറ്റിയിരിക്കുകയാണ്. ഇതു തിരികെ കൊണ്ടുപോയിട്ടില്ല. അന്തരീക്ഷ ഊഷ്മാവ് കൂടിയാലും മഴ പെയ്താലും ബ്ലീച്ചിങ് പൗഡർ കത്തുമെന്ന വിശദീകരണം ബന്ധപ്പെട്ടവർ നൽകുമ്പോഴാണ് ഇതു പുറത്തു കൂട്ടിയിട്ടിരിക്കുന്നത്
Discussion about this post