കൊൽക്കത്ത : പശ്ചിമ ബംഗാളിലെ ഏക കോൺഗ്രസ് എംഎൽഎ തൃണമൂലിൽ ചേർന്നു. സാഗർദിഗിയിൽ നിന്നുള്ള എംഎൽഎയായ ബയറോൺ ബിശ്വാസ് ആണ് കോൺഗ്രസിൽ നിന്ന് രാജിവെച്ച് തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. തൃണമൂൽ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയുടെ സാന്നിദ്ധ്യത്തിലാണ് പാർട്ടി അംഗത്വം സ്വീകരിച്ചത്.
തന്റെ വിജയത്തിൽ കോൺഗ്രസിന് ഒരു പങ്കുമില്ലെന്നാണ് തൃണമൂൽ അംഗത്വം സ്വീകരിച്ച ശേഷം ബിശ്വാസ് പറഞ്ഞത്. ന്യൂനപക്ഷ ആധിപത്യമുള്ള മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച് മൂന്ന് മാസത്തിന് ശേഷമാണ് ബിശ്വാസ് തൃണമൂലിൽ ചേർന്നത്.
പാർട്ടിയുടെ ജനകീയ പ്രചാരണ ക്യാമ്പെയ്നായ തൃണമൂൽ ഇഹ് നബോജോവറിനിടെയാണ് ബിശ്വാസ് തൃണമൂലിലേക്ക് പോയത്. എന്നാൽ ബിശ്വാസ് കൂടി പോയതോടെ സംസ്ഥാനത്ത് കോൺഗ്രസിന് ഒരു എംഎൽഎ പോലും ഇല്ലാതായിരിക്കുകയാണ്.
2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബംഗാളിൽ അക്കൗണ്ട് തുറക്കാൻ പരാജയപ്പെട്ട കോൺഗ്രസിനെ സാഗർദിഗി സീറ്റിൽ നിന്നുള്ള വിജയത്തിലൂടെ ബിശ്വാസ് രക്ഷിക്കുകയായിരുന്നു. എന്നാൽ തൃണമൂലിൽ ചേർന്നതോടെ പാർട്ടിയുടെ അവസാന പ്രതീക്ഷയും ഇല്ലാതായിരിക്കുകയാണ്.
Discussion about this post