ന്യൂഡൽഹി : ഡൽഹിയിൽ 16 കാരിയെ ആൺസുഹൃത്ത് ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടൽ മാറും മുൻപ് രാജ്യത്തെ ഞെട്ടിച്ച് വീണ്ടും കൊലപാതകം. 22 കാരിയായ യുവതിയെ റൂംമേറ്റ് കൊലപ്പെടുത്തി. ഡൽഹിയിലെ സിവിൽ ലൈനിലാണ് സംഭവം. റാണി എന്ന പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 36 കാരിയായ സ്വപ്നയെ പോലീസ് പിടികൂടി.
മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കൊണ്ടെത്തിച്ചത് എന്നാണ് ലഭിക്കുന്ന വിവരം. കെട്ടിടത്തിന്റെ മൂന്നാം നിലയിൽ യുവതിയുടെ മൃതദേഹം ചോരയിൽ കുളിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പോലീസ് എത്തുമ്പോൾ സ്വപ്‌ന മൃതദേഹത്തിന്റെ സമീപത്ത് തന്നെ ഉണ്ടായിരുന്നു. എന്നാൽ സംഭവം നടക്കുന്ന സമയത്ത് താൻ ടെറസിലായിരുന്നുവെന്നാണ് സ്വപ്ന നാട്ടുകാരോട് പറഞ്ഞത്.
പോലീസിന്റെ വിശദമായ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. കൊലയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് 16 കാരിയായ പെൺകുട്ടിയെ 20 കാരൻ നടുറോഡിൽ വെച്ച് കുത്തിക്കൊലപ്പെടുത്തിയത്. പെൺകുട്ടി തന്നെ അവഗണിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് യുവാവ് കൊലപാതകം നടത്തിയത്. അതിൽ തനിക്ക് ഒരു കുറ്റബോധവുമില്ലെന്നും യുവാവ് പോലീസിനോട് പറഞ്ഞിരുന്നു. ഇതിന്റെ ഞെട്ടലിൽ നിന്ന് രാജ്യം മുക്തമാകുന്നതിനിടെയാണ് വീണ്ടും കൊലപാതകം.
Discussion about this post