ഹൈദരാബാദ് : ക്രിക്കറ്റിൽ നിന്ന് വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ച് ചെന്നൈ സൂപ്പർ കിംഗ്‌സ് താരം അംബാട്ടി തിലക് റായിഡു. ആറുവട്ടം ഐപിഎൽ ജയിച്ച ടീമിനൊപ്പമുണ്ടായിരുന്നതിന്റെ അഭിമാനത്തോടെയാണ് റായിഡു ഇന്ന് കളം വിടുന്നത്. ധോണിക്കും മറ്റ് ടീമംഗങ്ങൾക്കും നന്ദി പറഞ്ഞുകൊണ്ടുള്ള ഹൃദ്യമായ കുറിപ്പും അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ചു.
” ഐപിഎല്ലിൽ വിജയം നേടിയ ഒരു വൈകാരികമായ രാത്രിയായിരുന്നു അത്. ഈ സാഹചര്യത്തിൽ ഇന്ത്യൻ ക്രിക്കറ്റിലെ എല്ലാ ഫോമുകളിൽ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിക്കുന്നു. ” റായിഡു കുറിച്ചു.
”പണ്ട് വീട്ടിൽ ടെന്നിസ് ബോളും ക്രിക്കറ്റ് ബാറ്റുമുപയോഗിച്ച് കളിക്കുമ്പോൾ മൂന്ന് ദശാബ്ദത്തോളം നീളുന്ന അത്ഭുതകരമായ ഈ യാത്രയെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. അണ്ടർ 19 മുതൽ എന്റെ രാജ്യത്തെ പ്രതിനിധീകരിച്ചത് എന്റെ ഏറ്റവും വലിയ ബഹുമതിയായി കരുതുന്നു. 2013 ൽ ആദ്യമായി എനിക്ക് ഇന്ത്യൻ ക്യാപ്പ് ലഭിച്ച ദിവസം ഞാൻ ഇപ്പോഴും ഓർക്കുന്നു. ഇത് ഞാൻ എന്നും മനസിൽ സൂക്ഷിക്കുന്ന ഒരു ഓർമ്മയാണ്.
”ക്രിക്കറ്റ് കൺട്രോൾ ബോർഡ് ഓഫ് ഇന്ത്യ (ബിസിസിഐ), ആന്ധ്ര ക്രിക്കറ്റ് അസോസിയേഷൻ (എസിഎ), ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ (എച്ച്‌സിഎ), വിദർഭ ക്രിക്കറ്റ് അസോസിയേഷൻ (വിസിഎ), ബറോഡ ക്രിക്കറ്റ് അസോസിയേഷൻ (ബിസിഎ) എന്നിവർ എന്റെ കഴിവിലർപ്പിച്ച വിശ്വാസത്തിനും അത് മൈതാനത്ത് തെളിയിക്കാൻ അവസരം നൽകിയതിനും നന്ദി അറിയിക്കുന്നു. ഞാൻ ഭാഗമായ രണ്ട് ഐപിഎൽ ടീമുകളോടും – മുംബൈ ഇന്ത്യൻസിനും ചെന്നൈ സൂപ്പർ കിംഗ്സിനും നന്ദി പറയാൻ ആഗ്രഹിക്കുന്നു. ആറ് തവണ ഐപിഎൽ ജേതാവായി എന്റെ ക്രിക്കറ്റ് കരിയർ അവസാനിപ്പിക്കുന്നതിൽ അഭിമാനിക്കുന്നു.
”2013-ൽ മുംബൈ ഇന്ത്യൻസിന്റെ ആദ്യ ഐപിഎൽ വിജയത്തിന്റെ ഭാഗമാകുകയും പിന്നീട് ചെന്നൈ സൂപ്പർ കിങ്സിനൊപ്പം 2018 ലും 2021 ലും 2023 ലും ഐപിഎൽ കിരീടം നേടുകയും ചെയ്തത് എന്നെന്നും ഹൃദയത്തിൽ തങ്ങിനിൽക്കുന്ന ഓർമ്മകളാണ്” റായിഡു കുറിച്ചു.
”ധോണി ഭായിയോടൊപ്പം സിഎസ്‌കെ ടീമിലും രാജ്യത്തിന് വേണ്ടിയും മത്സരിച്ചത് അംഗീകാരമായി കരുതുന്നു. കഴിഞ്ഞ രണ്ട് ദശാബ്ദത്തിനിടെ ഫീൽഡിന് അകത്തും പുറത്തുമായി നിരവധി അനുഭവങ്ങൾ നമുക്ക് ഉണ്ടായിട്ടുണ്ട്. അത് എന്നും എന്റെ ഹൃദയത്തിൽ തങ്ങിനിൽക്കും.”
”എന്റെ കുടുംബത്തിന്റെ, പ്രത്യേകിച്ച് അച്ഛൻ സാംബശിവ റാവുവിന്റെ, പിന്തുണ ഇല്ലായിരുന്നെങ്കിൽ ഇതൊന്നും സാധ്യമാകില്ലായിരുന്നു. എന്റെ എല്ലാ സഹതാരങ്ങൾക്കും, സപ്പോർട്ട് സ്റ്റാഫിനും, ആരാധകർക്കും, ആദ്യകാലങ്ങളിലെ പരിശീലകർക്കും നന്ദി. നിങ്ങൾ ഇല്ലായിരുന്നെങ്കിൽ എന്റെ ഈ അവിസ്മരണീയമായ യാത്ര ഒരിക്കലും ഉണ്ടാകുമായിരുന്നില്ല. ഉയർച്ചകളിലും താഴ്ചകളിലും എന്റെ അരികിലുണ്ടായിരുന്നതിന് നന്ദി. നിങ്ങളുടെ പ്രോത്സാഹനം എന്നെ വളരെയധികം പ്രോത്സാഹിപ്പിച്ചു. ഇനി മറുവശത്ത് കാണാം!’ റായിഡു കുറിച്ചു.
Discussion about this post