കൊച്ചി : ബ്രഹ്മപുരത്തെ ബയോമൈനിംഗിൽ നിന്ന് സോണ്ട ഇൻഫ്രാടെക്കിനെ ഒഴിവാക്കി കൊച്ചി കോർപറേഷൻ. മേയർ എം അനിൽ കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിർണായക തീരുമാനം. സോണ്ടയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താൻ സർക്കാരിനോട് ശുപാർശ ചെയ്യുമെന്നും മേയർ അറിയിച്ചു.
ബയോമൈനിംഗിൽ വീഴ്ച വരുത്തിയെന്ന് കാണിച്ച് കൊച്ചി കോർപറേഷൻ നൽകിയ നോട്ടീസിന് സോണ്ട നൽകിയ മറുപടി തൃപ്തികരമല്ലെന്ന് കാണിച്ചാണ് നടപടിയെടുത്തത്. ജൂൺ ഒന്ന് മുതൽ പുതിയ കമ്പനിക്കായിരിക്കും കരാർ. ഇതിനായി കോർപറേഷൻ പുതിയ ടെൻഡർ വിളിക്കും. ഇതിന്റെ ചെലവ് സോണ്ടയിൽ നിന്ന് ഈടാക്കും.
ബയോമൈനിംഗ് മുതലുള്ള കാര്യങ്ങളിൽ സോണ്ടയുടെ ഭാഗത്തുനിന്നുള്ള വീഴ്ചകൾ കൊച്ചി കോർപ്പറേഷൻ നോട്ടീസ് നൽകി കമ്പനിയെ അറിയിച്ചിട്ടുണ്ട്. എല്ലാതരത്തിലുമുള്ള നിയമോപദേശം തേടിയശേഷം കോർപ്പറേഷന്റെ വാദങ്ങൾക്ക് കഴമ്പുണ്ടെന്ന് കണ്ടെത്തിയാണ് നോട്ടീസ് നൽകാൻ അവകാശമുണ്ടെന്ന് സർക്കാർ അറിയിച്ചത്. ഇതിന് സോണ്ട നൽകിയ വിശദീകരണം ആർക്കും സ്വീകര്യമല്ലാത്തതിനാൽ ഏകകണ്ഠമായി കമ്പനിയുമായുള്ള കരാറുകൾ അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് മേയർ പറഞ്ഞു.
സോണ്ടയുമായി കോടതിയിൽ നിലവിലുള്ള കേസുകൾ കൈകാര്യം ചെയ്യാൻ സെക്രട്ടറിയെ കോർപറേഷൻ കൗൺസിൽ ചുമതലപ്പെടുത്തി.
Discussion about this post