മലപ്പുറം: തിരൂരിൽ മുടി നീട്ടിവളർത്തിയ കുട്ടിയ്ക്ക് സ്‌കൂൾ അധികൃതർ പ്രവേശനം നിഷേധിച്ചതായി പരാതി. മലപ്പുറം തിരൂർ എംഇടി സിബിഎസ്ഇ സ്‌കൂളിന് നേരെയാണ് പരാതി ഉയർന്നിരിക്കുന്നത്. സംഭവത്തിൽ കുട്ടിയുടെ മാതാവ് സ്‌കൂളിനെതിരെ ചൈൽഡ് ലൈൻ അധികൃതരെ സമീപിച്ചു.
രണ്ട് ആഴ്ച മുൻപായിരുന്നു സംഭവം. അഞ്ചു വയസ്സുള്ള ആൺകുട്ടിയ്ക്ക് ആണ് സ്‌കൂൾ പ്രവേശനം നിഷേധിച്ചത്. കുട്ടിയെ കണ്ട സ്‌കൂൾ അധികൃകർ മുടി വെട്ടണമെന്നും അല്ലാത്ത പക്ഷം അഡ്മിഷൻ നൽകാൻ കഴിയില്ലെന്നും അറിയിക്കുകയായിരുന്നു. ദാനം ചെയ്യാനായി വളർത്തുന്ന മുടിയാണെന്നും ഒരു വർഷം കഴിഞ്ഞ് വെട്ടാമെന്നും കുട്ടിയുടെ മാതാവ് പറഞ്ഞെങ്കിലും പ്രവേശനം നൽകില്ലെന്ന നിലപാടിൽ സ്‌കൂൾ ഉറച്ച് നിൽക്കുകയായിരുന്നു. ഇതോടെയാണ് ചൈൽഡ് ലൈനിൽ കുട്ടിയുടെ മാതാവ് പരാതി നൽകിയത്.
സ്‌കൂളിന്റെ അച്ചടക്കത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രവേശനം നൽകാതിരുന്നത് എന്ന് പ്രിൻസിപ്പാൾ പറഞ്ഞതായി കുട്ടിയുടെ മാതാവ് പറഞ്ഞു. മുടി വെട്ടിയാൽ പ്രവേശനം നൽകാമെന്ന് ആയിരുന്നു അധികൃതരുടെ നിലപാട്. മാത്രമല്ല മോശമായി പെരുമാറുകയും ചെയ്തു. കുട്ടിയ്ക്ക് മറ്റൊരു സ്‌കൂളിൽ അഡ്മിഷൻ ശരിയാക്കി നൽകിയെന്നും മാതാവ് വ്യക്തമാക്കി. അതേസമയം കുട്ടിയുടെ മാതാവ് നൽകിയ പരാതിയിൽ ചൈൽഡ് ലൈൻ സ്‌കൂൾ അധികൃതരോട് വിശദീകരണം തേടി.
Discussion about this post