തിരുവനന്തപുരം : പോലീസുകാരാണ് എന്നുള്ളത് കൊണ്ട് സ്വന്തം കുടുംബക്കാർ ലഹരിയിൽ നിന്ന് വിമുക്തരല്ലെന്ന് എക്‌സൈസ് കമ്മീഷണർ എസ് ആനന്ദകൃഷ്ണൻ. യുണിഫോമിലുള്ള പോലീസ് ഉദ്യോഗസ്ഥനാണ്, എക്‌സൈസ് ഉദ്യോഗസ്ഥനാണ് എന്നത് കൊണ്ട് കാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. സർവീസിൽ നിന്ന് വിരമിക്കുന്നതിന് മുന്നോടിയായി പോലീസ് നൽകിയ യാത്രയയപ്പ് പരേഡിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു എസ്പിയുടെ രണ്ടു മക്കളും ലഹരിക്ക് അടിമയായതായി പോലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ കെ.സേതുരാമനും തുറന്നു പറഞ്ഞിരുന്നു. ഇത് വലിയ ചർച്ചാ വിഷയമായിരുന്നു.
നമ്മുടെ സേനാംഗങ്ങളുടെ അവസ്ഥ കണ്ടിട്ട് പറയുകയാണ്. ഇന്നത്തെ സമൂഹത്തിനു നേരെ ഉയർന്നു വരുന്ന വിപത്താണ് മയക്കുമരുന്നുകൾ. ശാരീരിക ആരോഗ്യ പ്രശ്‌നങ്ങളും മാനസിക ആരോഗ്യപ്രശ്‌നങ്ങളും ദൈനംദിന പ്രവർത്തനത്തിന്റെ തീഷ്ണതയും സംഘർഷവുമെല്ലാം നമ്മളിൽ കുറച്ചു പേരെയെങ്കിലും ലഹരിയുടെ വഴികൾ തേടാൻ പ്രേരിപ്പിക്കുന്നുണ്ട്. യൂണിഫോമിലുള്ള പോലീസ് ഉദ്യോഗസ്ഥനാണ് എക്‌സൈസ് ഉദ്യോഗസ്ഥനാണ് എന്നുള്ളത് കൊണ്ടു മാത്രം നമ്മുടെ കുടുംബങ്ങൾ ലഹരിയിൽ നിന്ന് വിമുക്തരല്ല. നമ്മുടെ കുടുംബാംഗങ്ങളിൽ ചിലർ അത്തരം അപകടങ്ങളിൽ ചെന്നു ചാടുന്ന അവസ്ഥയുണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സ്വന്തം ജീവൻ നൽകിയും ചുമതല നിറവേറ്റണമെന്നാണ് പൊതുസമൂഹം പ്രതീക്ഷിക്കുന്നത്. ഈ അടുത്ത കാലത്ത് നടന്ന ഒരു ദാരുണ സംഭവത്തിലും ആ തരത്തിലുള്ള ചിന്ത പൊതുസമൂഹത്തിൽനിന്ന് ഉയർന്നു വന്നിട്ടുണ്ട്. കൊട്ടാരക്കരയിലെ ഡോക്ടർ വന്ദനയുടെ കൊലപാതകത്തിൽ പോലീസ് സേനാംഗങ്ങൾ ചെയ്ത പ്രവൃത്തിയെക്കുറിച്ച് പല തരത്തിലുള്ള അഭിപ്രായങ്ങളാണ് വന്നത്. അവിടെ നിന്ന ഉദ്യോഗസ്ഥർ സ്വന്തം ജീവൻ കൊടുത്തും അപകടം ഒഴിവാക്കണമെന്ന അഭിപ്രായങ്ങളാണ് ഉയർന്നത്. അത് നമ്മളൊക്കെ ചിന്തിച്ച് ഉത്തരം കണ്ടെത്തേണ്ട പ്രശ്‌നമാണെന്നും ആനന്ദകൃഷ്ണൻ പറഞ്ഞു.
Discussion about this post