സലാല: പുരുഷ ജൂനിയർ ഏഷ്യാ കപ്പിന്റെ ആവേശകരമായ ഫൈനൽ മത്സരത്തിൽ പാകിസ്താനെ 2-1 ന് തോൽപ്പിച്ച് ഇന്ത്യൻ ജൂനിയർ പുരുഷ ഹോക്കി ടീം കിരീടം സ്വന്തമാക്കി. ഒമാനിൽ സലാലയിലെ സുൽത്താൻ ഖാബൂസ് യൂത്ത് ആൻഡ് കൾച്ചറൽ കോംപ്ലക്‌സിലാണ് ആവേശം നിറഞ്ഞ കലാശപ്പോരാട്ടം നടന്നത്. 13ാം മിനിറ്റിൽ അംഗദ് ബിർ സിങ്ങും 20ാം മിനിറ്റിൽ അരയ്ജീത് സിംഗ് ഹുണ്ടലും നേടിയ ഗോളുകളിലൂടെയാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്.
ഗോൾകീപ്പർ ശശികുമാർ മോഹിത് ഹൊന്നേനഹള്ളിയും മികച്ച സേവുകളിലൂടെ ഇന്ത്യയുടെ വിജയപ്രതീക്ഷ കാത്തു. 38ാം മിനിറ്റിൽ ബഷാരത് അലിയാണ് പാകിസ്താന് വേണ്ടി ഗോൾ നേടിയത്. ഈ മത്സരത്തിലെ വിജയത്തോടെ പുരുഷ ജൂനിയർ ഏഷ്യാ കപ്പിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ സ്വന്തമാക്കിയ ടീമെന്ന റെക്കോർഡും ഇന്ത്യയുടെ പേരിലായി. നാലാം തവണയാണ് ടീം ഇന്ത്യയുടെ കിരീട നേട്ടം. നേരത്തെ 2004, 2008, 2015 വർഷങ്ങളിലാണ് ഇന്ത്യ കിരീടം നേടിയിട്ടുള്ളത്. 1988, 1992, 1996 വർഷങ്ങളിൽ പാകിസ്താൻ കിരീടം നേടിയിട്ടുണ്ട്.
സെമിഫൈനൽ മത്സരത്തിൽ ദക്ഷിണ കൊറിയയെ ആണ് ഇന്ത്യ നേരിട്ടത്. 9-1ന്റെ തകർപ്പൻ ജയത്തോടെയാണ് ഇന്ത്യ ഫൈനൽ പ്രവേശം നേടിയത്. ഒരു രീതിയിലും ഇന്ത്യൻ പ്രതിരോധ നിരയെ മറികടക്കാൻ കൊറിയക്ക് സാധിച്ചിരുന്നില്ല. മറ്റൊരു സെമിയിൽ മലേഷ്യയെ പരാജയപ്പെടുത്തിയാണ് പാകിസ്താൻ ഫൈനലിൽ കയറിയത്.
Discussion about this post