ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായ മുൻ ഉപമുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ മനീഷ് സിസോദിയ അദ്ദേഹത്തിന്റെ വസതിയിൽ എത്തി. രോഗിയായ ഭാര്യയെ കാണാൻ ഇന്നലെ ഡൽഹി ഹൈക്കോടതി സിസോദിയയ്ക്ക് അനുമതി നൽകിയിരുന്നു. ഇതേ തുടർന്നാണ് ഇന്ന് രാവിലെ മധുര റോഡിലുള്ള വസതിയിൽ എത്തിയത്.
രാവിലെ മുതൽ വൈകീട്ട് അഞ്ച് മണിവരെയാണ് സിസോദിയ വസതിയിൽ തുടരുക. പോലീസും ഒപ്പമുണ്ടാകും. കർശന ഉപാധികളോടെയായിരുന്നു ഭാര്യയെ കാണാൻ സിസോദിയയ്ക്ക് കോടതി അനുമതി നൽകിയത്. ഭാര്യയെ മാത്രം കാണാനും സമയം ചിലവഴിക്കാനുമാണ് അനുമതി. മറ്റുള്ളവരുമായി ആശയവിനിമയം നടത്തുന്നതിന് വിലക്കുണ്ട്. മാദ്ധ്യമങ്ങളോട് പ്രതികരിക്കരുതെന്നാണ് നിർദ്ദേശം. മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്നും നിർദ്ദേശമുണ്ട്. ഇന്റർനെറ്റ് ഉപയോഗിക്കരുതെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഉപാധികൾ സിസോദിയ പാലിക്കുന്നുണ്ടോയെന്ന് പോലീസ് നിരീക്ഷിക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
അഴിമതി കേസിൽ ജാമ്യത്തിനായി നിരവധി തവണ സിസോദിയ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഈ സാഹചര്യത്തിലാണ് രോഗിയായ ഭാര്യയെ കാണാൻ അനുമതി വേണമെന്ന് ആവശ്യപ്പെട്ട് സിസോദിയ കോടതിയെ സമീപിച്ചത്. ഇതിനിടെ അദ്ദേഹം ഹൈക്കോടതിയിൽ ഇടക്കാല ജാമ്യത്തിനായുള്ള അപേക്ഷയും നൽകിയിട്ടുണ്ട്. ഭാര്യയെ പരിചരിക്കേണ്ടത് ഉണ്ടെന്നും, അതിനാൽ ആറ് ആഴ്ചത്തെ ഇടക്കാല ജാമ്യം വേണമെന്നും ആവശ്യപ്പെട്ടാണ് ഇടക്കാല ജാമ്യത്തിനായി കോടതി അപേക്ഷ നൽകിയത്.
Discussion about this post