ഇസ്ലാമാബാദ്: പാകിസ്താനിൽ മതനിന്ദ നടത്തിയെന്ന പേരിൽ ക്രിസ്ത്യൻ യുവാവിന് വധ ശിക്ഷ. പാകിസ്താനിലെ ബഹവൽപൂരിലാണ് സംഭവം. 19 കാരനായ നൗമാൻ മാസിഹിനെയാണ് ജില്ലാ കോടതി വധ ശിക്ഷയ്ക്ക് വിധിച്ചത്. ഇതിന് പുറമേ 20,000 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്.
സമൂഹമാദ്ധ്യമത്തിലൂടെ ഇസ്ലാം മതത്തെ അപമാനിച്ചുവെന്നാണ് നൗമാനെതിരായ കേസ്. കഴിഞ്ഞ വർഷമായിരുന്നു മതനിന്ദ ആരോപിച്ച് നൗമാനെ പോലീസ് അറസ്റ്റ് ചെയ്തത്. കുടുംബവുമൊത്ത് പ്രദേശത്തെ മുസ്ലീം കോളനിയിലാണ് യുവാവിന്റെ താമസം. ഇവർ നൽകിയ പരാതിയിലാണ് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തത്. വാട്‌സ് ആപ്പിലൂടെ മതത്തെ അവഹേളിക്കുന്ന തരത്തിലുള്ള സന്ദേശങ്ങൾ പ്രചരിപ്പിച്ചുവെന്നാണ് നൗമാനെതിരായ പരാതിയിൽ പ്രദേശവാസികൾ പറയുന്നത്.
അറസ്റ്റിന് പിന്നാലെ കഴിഞ്ഞ വർഷം തന്നെ കോടതിയിൽ വിചാരണ ആരംഭിച്ചിരുന്നു. മറ്റുള്ളവർ എടുത്തുവച്ചിരുന്ന സന്ദേശങ്ങളുടെ സ്‌ക്രീൻ ഷോട്ടുകൾ ആയിരുന്നു നൗമാൻ മതനിന്ദ നടത്തിയെന്ന് തെളിയിക്കാനായി വാദി ഭാഗം കോടതിയിൽ നൽകിയത്. ഇത് പരിഗണിച്ചായിരുന്നു കോടതിയുടെ വധശിക്ഷ.
Discussion about this post