ഭുവനേശ്വർ : ഒഡീഷയിലെ ട്രെയിൻ അപകടത്തിൽ തൃശൂർ സ്വദേശികളായ നാല് പേർ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. അന്തിക്കാട്, കണ്ടശ്ശാംകടവ് സ്വദേശികളായ രഘു, കിരൺ, വൈശാഖ്, ലിജീഷ് എന്നിവരാണ് രാജ്യത്തെ നടുക്കിയ അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്.
രണ്ട് ദിവസത്തോളം നാല് പേരും ഷാലിമാർ റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് ലഭിക്കാതെ കുടുങ്ങി കിടക്കുകയായിരുന്നു. ഒരു മാസം മുമ്പ് ഒരു ക്ഷേത്രത്തിന്റെ നിർമ്മാണത്തിനാണ് കിരണും കൂട്ടുകാരും കൊൽക്കത്തയിൽ എത്തിയത്. സംഘത്തിൽ ഉണ്ടായിരുന്ന നാലു പേർ ആദ്യം മടങ്ങിയെങ്കിലും ടിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് ബാക്കിയുള്ളവർ അവിടെ തുടരുകയായിരുന്നു.
തുടർന്ന് ഏജന്റിന്റെ സഹായത്തോടെ 2000 രൂപ വീതം നൽകി ബ്ലാക്കിൽ നാല് ടിക്കറ്റുകൾ വാങ്ങി. വെയിറ്റിംഗ് ലിസ്റ്റ് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇവർക്ക് ഏജന്റ് ടിക്കറ്റുകൾ കൈമാറിയത്. തുടർന്ന് ഏജന്റിന്റെ നിർദ്ദേശപ്രകാരം സ്ലീപ്പർ കംപാർട്‌മെന്റിൽ ഇവർ ഇരുന്നു.
എന്നാൽ സമയം ഏഴ് മണിയോട് അടുത്തതോടെ സീറ്റ് റിസർവ് ചെയ്തയാളുകൾ വന്നു. അപ്പോഴാണ് കബളിപ്പിക്കപ്പെട്ടുവെന്ന് യുവാക്കൾക്ക് മനസിലായത്. അവർ സീറ്റ് ഒഴിഞ്ഞുകൊടുക്കണമെന്ന് പരുഷമായി ആവശ്യപ്പെട്ടതോടെ അപമാനിതരായി മാറി നിൽക്കേണ്ടി വന്നു.
സീറ്റൊന്നും കിട്ടാതെ ഇവർ എഴുന്നേറ്റ് നിൽക്കുകയായിരുന്നു. ഈ സംഭവം കഴിഞ്ഞ് അഞ്ച് മിനിറ്റിനകം ട്രെയിൻ അപകടത്തിൽ പെടുകയായിരുന്നു. ട്രെയിൻ രണ്ട് തവണ മറിഞ്ഞ് ബോഗി താഴ്ചയിലേക്ക് വഴുതിയിറങ്ങുന്നതിനിടയിൽ സംഘത്തിലെ മൂന്നുപേർ രക്ഷപ്പെട്ടു. ഇതിനിടയിൽ കിരൺ എമർജൻസി വിൻഡോ കൈകൊണ്ട് ഇടിച്ചു പൊട്ടിച്ചു. തുടർന്ന് തങ്ങളെ സീറ്റിൽ നിന്ന് എഴുന്നേൽപ്പിച്ചവരെ ഈ വിൻഡോയിലൂടെ രക്ഷപ്പെടുത്തി. ട്രെയിൻ അപകടത്തിൽപ്പെട്ട പാടശേഖരത്തിന് എതിർവശത്തുള്ള വീട്ടിലാണ് നാല് പേരും അഭയം തേടിയത്.
Discussion about this post