ഭുവനേശ്വർ : ഒഡീഷ ട്രെയിൻ അപകടത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തിയെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ട്രാക്കിന്റെ നവീകരണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്നും ഇത് ഉടൻ പൂർത്തിയാക്കി ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കുമെന്നും റെയിൽവേ മന്ത്രി പറഞ്ഞു.
”അപകടത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തിയിട്ടുണ്ട്. വിശദമായ അന്വേഷണം റെയിൽവേ സുരക്ഷാ കമ്മീഷണർ നടത്തുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ട്രാക്കുകൾ ഇന്ന് തന്നെ പുനഃസ്ഥാപിക്കാനുള്ള പരിശ്രമം തുടരുകയാണ്. പ്രദേശത്ത് നിന്ന് എല്ലാ മൃതദേഹങ്ങളും മാറ്റിക്കഴിഞ്ഞു. ബുധനാഴ്ച രാവിലെയോടെ ഇത് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. തുടർന്ന് ട്രെയിനുകളും പ്രവർത്തനം ആരംഭിക്കും” അദ്ദേഹം പറഞ്ഞു.
ഇലക്ട്രോണിക് ഇന്റർലോക്കിംഗിലെ പ്രശ്‌നമാണ് അപരടകാരണമെന്നും ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒഡീഷ ട്രെയിൻ ദുരന്തത്തിന് പിന്നാലെ സംഭവസ്ഥലത്ത് ഓടിയെത്തിയ അശ്വിനി വൈഷ്ണവിന രക്ഷാപ്രവർത്തനത്തിനുൾപ്പെടെ നേതൃത്വം നൽകുകയാണ്. 14 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിൽ എല്ലാ കാര്യങ്ങൾക്കും മേൽനോട്ടം വഹിക്കാൻ മന്ത്രി മുൻപിൽ തന്നെ ഉണ്ടായിരുന്നു.
ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കാൻ തീവ്ര ശ്രമം നടക്കുകയാണെന്ന് അശ്വിനി വൈഷ്ണവ് വ്യക്തമാക്കിയിരുന്നു. 1000 ത്തിലധികം ആളുകളാണ് രാത്രിയും പകലുമായി ഇവിടെ ജോലി ചെയ്യുന്നത്. ഏഴ് മണ്ണുമാന്തി യന്ത്രങ്ങൾ, രണ്ട് ആക്സിഡന്റ് റിലീഫ് ട്രെയിനുകൾ, നാല് ക്രെയിനുകൾ എന്നിവ സ്ഥലത്തെത്തിച്ചാണ് ഗതാഗതം പുനഃസ്ഥാപിക്കാൻ ശ്രമം നടത്തുന്നത്. മറിഞ്ഞ ബോഗികൾ ട്രാക്കിൽ നിന്ന് നീക്കിയിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയും, ഓഡീഷ ഡിസാസ്റ്റർ റാപ്പിഡ് ആക്ഷൻ ഫോഴ്സും, അഗ്‌നിശമന സേനാ യൂണിറ്റുകളും സ്ഥലത്തുണ്ട്.
Discussion about this post