ഭുവനേശ്വർ: ബാലസോറിൽ ട്രെയിൻ അപകടത്തിൽപ്പെട്ടവർക്കായി പ്രത്യേക ട്രെയിൻ സർവ്വീസുകളൊരുക്കി റെയിൽവേ. ചെന്നൈ, ബംഗളൂരു, റാഞ്ചി എന്നിവിടങ്ങളിലേക്കാണ് പ്രത്യേക സർവ്വീസുകൾ. മൃതദേഹങ്ങൾ കൊണ്ടുപോകാൻ പ്രത്യേകം സർവ്വീസുകൾ. മൃതദേഹങ്ങൾ കൊണ്ടുപോകാൻ പ്രത്യേകം കോച്ചുകളും സജ്ജമാക്കിയിട്ടുണ്ട്. കൊൽക്കത്തയിലേക്ക് സൗജന്യ ബസ് സർവീസും ഒഡീഷ സർക്കാർ ഒരുക്കിയിട്ടുണ്ട്.
അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം ചെയ്യാനുള്ള നടപടികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. മരിച്ചവരുടേയും പരിക്കേറ്റവരുടേയും ചിത്രങ്ങളും വിവരങ്ങളും ഉൾപ്പെടുത്തി ഒഡീഷ സർക്കാർ വെബ്‌സൈറ്റ് ആരംഭിച്ചിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റവരെ ചികിത്സിക്കുന്നതിനായി ഡൽഹി എയിംസിൽ നിന്ന് വിദഗ്ധ സംഘം ബാലസോറിലെത്തും. കേന്ദ്രആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ രാവിലെ ഭുവനേശ്വറിലെത്തി പരിക്കേറ്റവരെ സന്ദർശിച്ചിരുന്നു.
കേന്ദ്ര റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവും അപകടസ്ഥലത്ത് തന്നെ തുടരുന്നുണ്ട്. ഗതാഗതം പുന:സ്ഥാപിക്കാനുള്ള നടപടികൾ അദ്ദഹത്തിന്റെ നേതൃത്വത്തിൽ വിലയിരുത്തുന്നുണ്ട്. പരിക്കേറ്റവരേയും അദ്ദേഹം സന്ദർശിച്ചു. ഇന്ന് 90 ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്. 46 എണ്ണം വഴി തിരിച്ച് വിട്ടു. അതേസമയം ദുരന്തത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പൊതുതാത്പര്യ ഹർജിയും സമർപ്പിക്കപ്പെട്ടു.
Discussion about this post