കൊച്ചി : കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തി അറസ്റ്റിലായ സവാദിന് സ്വീകരണം നൽകിയ ഓൾ കേരള മെൻസ് അസോസിയേഷന്റെ നടപടി ലജ്ജിപ്പിക്കുന്നതെന്ന് പരാതിക്കാരിയായ നന്ദിത. പൂമാലയിട്ട് സ്വീകരിക്കാൻ എന്ത് മഹത് പ്രവൃത്തിയാണ് അയാൾ ചെയ്തത് എന്ന് നന്ദിത ചോദിച്ചു. സംഭവത്തിന് ശേഷം പ്രതിക്ക് പൂമാലയും തനിക്ക് കല്ലേറുമാണ് ലഭിക്കുന്നത് എന്നും നന്ദിത പറഞ്ഞു.
സമൂഹമാദ്ധ്യമങ്ങളിൽ വലിയ വേട്ടയാടലാണ് നടക്കുന്നത്. ഇത്രയും മോശപ്പെട്ടതാണ് കേരളത്തിലെ ആണുങ്ങളെന്ന് സംഭവം തെളിയിച്ചുകഴിഞ്ഞു. സ്വാതന്ത്ര്യ സമരത്തിന് ശേഷം വന്ന മനുഷ്യനെപ്പോലെ മാലയിട്ട് ആനയിച്ച് കൊണ്ടുവരാൻ വേണ്ടി അയാൾ ചെയ്ത് മഹത് കാര്യമൊന്ന് പറഞ്ഞുതരണം. ബാത്ത്‌റൂമിലും ബെഡ്‌റൂമിലും ചെയ്യേണ്ട കാര്യം കെഎസ്ആർടിസി ബസിൽ വന്ന് ചെയ്തതാണോ മഹത്തായ കാര്യം എന്ന് യുവതി ചോദിക്കുന്നു. നാണോം മാനോം ഉള്ള മനുഷ്യർ അയാളെ പൂമാലയിട്ട് സ്വീകരിക്കുമോ എന്നും മോഡൽ കൂടിയായ യുവതി ചോദിച്ചു.
കുറ്റം ചെയ്തിട്ടില്ലെന്ന് തെളിഞ്ഞതിന് ശേഷം ഇറങ്ങിയിട്ടാണ് അയാളെ മാലയിട്ട് സ്വീകരിച്ചതെങ്കിൽ പ്രശ്‌നമില്ല. എന്നാലിത് ജാമ്യത്തിൽ ഇറങ്ങിയ ആളെയാണ് ഇങ്ങനെ സ്വീകരിക്കുന്നത്. ”ഞങ്ങൾ കൂടെയുണ്ട് കേട്ടോ” എന്നാണ് അവർ പറയുന്നത്.
ഇങ്ങനെയൊരു സംഭവത്തിൽ പ്രതികരിച്ചതിന് താൻ ഏറെ നാളായി സൈബർ ആക്രമണം നേരിടുകയാണ്. പോസ്റ്റുകളിൽ വന്ന് അസഭ്യം വിളിക്കുന്നു. തന്റെ പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയാണ്. തനിക്ക് അക്കൗണ്ട് തുറക്കാനാകുന്നില്ല. ജോലി ചെയ്യാൻ സാധിക്കുന്നില്ലെന്നും യുവതി പറഞ്ഞു. സവാദിനെതിരെ നിയമപോരാട്ടം തുടരുമെന്നും യുവതി കൂട്ടിച്ചേർത്തു.
കേസിൽ അറസ്റ്റിലായ സവാദ് കഴിഞ്ഞ ദിവസമാണ് ജാമ്യത്തിൽ ഇറങ്ങിയത്. ആലുവ സബ് ജയിലിൽ നിന്ന് പുറത്തിറങ്ങിയ സവാദിനെ ഓൾ കേരള മെൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ പൂമാലയിട്ട് സ്വീകരിക്കുകയായിരുന്നു. ഇതിനെതിരെ വ്യാപക വിമർശനങ്ങളാണ് ഉയരുന്നത്.
Discussion about this post