തൃശൂർ : കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ ഉൾപ്പെട്ട മുൻ ഡയറക്ടർ ബോർഡ് അംഗങ്ങളിൽ നിന്ന് പണം ഈടാക്കാൻ ഉത്തരവ്. 25 പേരിൽ നിന്നായി 125.84 കോടി രൂപ ഈടാക്കാനാണ് ജില്ലാ കളക്ടർ ഉത്തരവിട്ടത്. സഹകരണ ജോയിന്റ് രജിസ്റ്റാറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കളക്ടർ നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്.
20 മുൻ ഡയറക്ടർമാരിൽ നിന്നും, മുൻസെക്രട്ടറി, മുൻ മാനേജർ, മുൻ അക്കൗണ്ടന്റ് എന്നിവർ ഉൾപ്പെടെ അഞ്ചുപേരിൽ നിന്നുമാണ് തുക ഈടാക്കുക. പണം നൽകേണ്ടത് സംബന്ധിച്ച് ഇവർക്ക് നോട്ടീസ് നൽകും. പട്ടികയിലുള്ള രണ്ട് പേർ മരിച്ചതിനാൽ ഇവരുടെ അവകാശികളെ കക്ഷി ചേർത്ത് പണം ഈടാക്കും. 2011 മുതൽ 2021 വരെയുള്ള കാലത്ത് സമ്പാദിച്ച സ്വത്തുക്കളാണ് കണ്ടുകെട്ടുക.
300 കോടിയുടെ തട്ടിപ്പാണ് കരുവന്നൂർ ബാങ്കിൽ നടന്നത്. ഇതിൽ 125 കോടി രൂപയാണ് ഈ നടപടിയിലൂടെ തിരിച്ചുപിടിക്കുക. ഈ ആഴ്ച തന്നെ നടപടിക്രമങ്ങൾ ആരംഭിക്കും.
മുൻ അംഗങ്ങൾക്ക് പണം നൽകാൻ മൂന്ന് ദിവസത്തെ സാവകാശം അനുവദിക്കും. അതിന് ശേഷവും തുക അടച്ചില്ലെങ്കിൽ ഇവരുടെ സ്വത്ത് വകകൾ കണ്ടുകെട്ടുമെന്നാണ് വിവരം.
Discussion about this post