ന്യൂഡൽഹി: ഒഡീഷയിലുണ്ടായ തീവണ്ടി ദുരന്തത്തിൽ രക്ഷിതാക്കളെ നഷ്ടമായവരുടെ കുട്ടികൾക്ക് താങ്ങായി ക്രിക്കറ്റ് താരം വീരേന്ദർ സെവാഗ്. തന്റെ സ്‌കൂളിൽ ഇവർക്ക് സൗജന്യ വിദ്യാഭ്യാസം നൽകുമെന്ന് അദ്ദേഹം അറിയിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കി രംഗത്ത് എത്തിയത്.
തീവണ്ടി ദുരന്തത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടായിരുന്നു സെവാഗിന്റെ പ്രതികരണം. ഈ ചിത്രം ഹൃദയം തകർക്കുന്നത് ആണെന്ന് സേവാംഗ് കുറിച്ചു. ഈ നിമിഷത്തിൽ തന്നെ കൊണ്ട് കഴിയുന്നത് രക്ഷിതാക്കൾ നഷ്ടമായ കുട്ടികളുടെ വിദ്യാഭ്യാസം ശ്രദ്ധിക്കുക എന്നതാണ്. ഇവർക്ക് സേവാംഗ് ഇന്റർനാഷണൽ സ്‌കൂളിൽ സൗജന്യ വിദ്യാഭ്യാസം നൽകും. സ്‌കൂളിനോട് ചേർന്ന് പ്രവർത്തിക്കുന്ന ബോർഡിംഗിൽ ഇവർക്ക് സൗജന്യ താമസം നൽകുമെന്നും സെവാഗ് വ്യക്തമാക്കി.
ഈ ദുർഘടം നിറഞ്ഞ സാഹചര്യത്തിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുള്ള എല്ലാവരെയും സല്യൂട്ട് ചെയ്യുന്നു. നിരവധി പേരാണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് രക്തം ദാനം നൽകുന്നതിനായി മുന്നോട്ട് എത്തിയിട്ടുള്ളത്. ഇവർക്കും നന്ദി പറയുന്നു. ഈ സമയം നാം എല്ലാവരും ഒറ്റക്കെട്ടാണെന്നും സെവാഗ് ട്വീറ്റ് ചെയ്തു.
Discussion about this post