മുംബൈ: മസ്ജിദ് സംഘടിപ്പിച്ച ആഘോഷ പരിപാടിയ്ക്കിടെ മുഗൾ ഭരണാധികാരി ഔറംഗസേബിന്റെ ചിത്രം ഉയർത്തി പ്രകോപനം സൃഷ്ടിക്കാൻ ശ്രമിച്ച് മതമൗലികവാദികൾ. സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയായിരുന്നു പോലീസിന്റെ നടപടി.
അഹമ്മദ്‌നഗറിലെ മുകുന്ദ്‌നഗറിൽ ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ആഘോഷത്തിന്റെ ഭാഗമായി മസ്ജിദിന് മുൻവശം ഗാനമേളയുൾപ്പെടെ സംഘടിപ്പിച്ചിരുന്നു. ഈ പരിപാടികൾ നടന്നുകൊണ്ടിരിക്കുന്നതിനിടെ ആയിരുന്നു നാലംഗ സംഘം ഔറംഗസേബിന്റെ ചിത്രം ഉയർത്തിക്കാട്ടിയത്. ഇതിന് പുറമേ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്തു.
ആഘോഷപരിപാടിയിൽ പ്രദേശത്തെ ഹിന്ദുക്കൾ ഉൾപ്പെടെ പങ്കെടുത്തിരുന്നു. ഇതിനിടെയായിരുന്നു യുവാക്കൾ പ്രകോപനം സൃഷ്ടിക്കാൻ ശ്രമിച്ചത്. രാത്രി മുതൽ തന്നെ ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുകയും സംഭവത്തിൽ വ്യാപക വിമർശനം ഉയരുകയും ചെയ്തിരുന്നു. ഇതോടെയായിരുന്നു പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.
അറസ്റ്റിലായവരുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ പോസ്റ്റർ ഉയർത്തിയ നാല് പേർക്കും എതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്. ബാക്കിയുള്ള രണ്ട് പേർക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post