കൊച്ചി: എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോയെ എഴുതാത്ത പരീക്ഷയിൽ ജയിപ്പിച്ച സംഭവത്തെ പരിഹസിച്ച് അഡ്വ. എ ജയശങ്കർ. സംസ്ഥാനത്ത് ഇപ്പോൾ ജൈവ ബുദ്ധിജീവികളുടെ ഭരണമാണെന്നും കുറ്റപ്പെടുത്താനാണ് നീക്കമെങ്കിൽ, ചേർത്തു പിടിക്കാനാണ് തീരുമാനമെന്നുമായിരുന്നു ജയശങ്കറിന്റെ പ്രതികരണം.
ആർക്കിയോളജി അത്ര ആനക്കാര്യമൊന്നുമല്ല. പരീക്ഷ എഴുതിയവർ മാത്രമേ ജയിക്കാവൂ എന്ന് ശഠിക്കാനുമാവില്ല. എറണാകുളം മഹാരാജാസ് കോളേജ് സർക്കാർ മേഖലയിലെ സ്വയംഭരണ സ്ഥാപനമാണ്. അധ്യാപകർ എല്ലാവരും തന്നെ സിപിഎം അനുകൂല എകെജിസിടി എന്ന ഭീകര സംഘടനയിലെ അംഗങ്ങളുമാണ്. അപ്പോൾ ജയിക്കേണ്ടവർ തോല്ക്കും, തോൽക്കേണ്ടവർ ജയിക്കും, പരീക്ഷ എഴുതാത്ത സഖാവിന് ഫസ്റ്റ് റാങ്ക് വരെ ലഭിക്കും അദ്ദേഹം കുറിച്ചു.
ആർക്കിയോളജി ആൻഡ് മെറ്റീരിയൽ കൾച്ചറൽ സ്റ്റഡീസിന്റെ മൂന്നാം സെമസ്റ്റർ റിസൾട്ടിലാണ് പരീക്ഷ എഴുതാത്ത ആർഷോ ജയിച്ചതായി രേഖപ്പെടുത്തിയത്. കേസുകളിൽ പെട്ട് ജയിലിലായതിനാൽ ആർഷോ പരീക്ഷ എഴുതിയിരുന്നില്ല. എന്നാൽ മാർക്ക് ലിസ്റ്റിൽ വിജയിച്ചതായി രേഖപ്പെടുത്തുകയായിരുന്നു. മാർക്കിന്റെ സ്ഥാനത്ത് പൂജ്യം മാർക്ക് ആയിരുന്നു രേഖപ്പെടുത്തിയത്.
സംഭവം വിവാദമായതോടെ വെബ്‌സൈറ്റിലെ മാർക്ക് ലിസ്റ്റ് കോളജ് അധികൃതർ പിന്നീട് തിരുത്തി പ്രസിദ്ധീകരിച്ചു. കോളജിലെ കെഎസ്‌യു പ്രവർത്തകരാണ് വിഷയം മാദ്ധ്യമപ്രവർത്തകരുടെ ശ്രദ്ധയിൽകൊണ്ടുവന്നത്.
ബാക്കി വിദ്യാർത്ഥികൾക്ക് അഞ്ച് വിഷയങ്ങളും അതിന്റെ മാർക്കും കാണിക്കുന്നുണ്ട്. എന്നാൽ ആർഷോയ്ക്ക് ടിസിപിയും എസ്‌സിപിഎയും സെമസ്റ്റർ ഗ്രേഡും ഒന്നും രേഖപ്പെടുത്തിയിട്ടില്ലെങ്കിലും സെമസ്റ്റർ റിസൾട്ടിന്റെ സ്ഥാനത്ത് പാസ്ഡ് എന്നാണ് രേഖപ്പെടുത്തുന്നത്. 2021 ലാണ് ആർഷോ കോഴ്‌സിന് അഡ്മിഷൻ എടുത്തത്.
Discussion about this post