കാഞ്ഞിരപ്പളളി: അമൽജ്യോതി കോളജിലെ വിദ്യാർത്ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് കോളേജ് മാനേജ്‌മെന്റും പോലീസും ഒത്തു കളിക്കുകയാണെന്ന് എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ് അരവിന്ദ്. മരണം നടന്ന് നാലുദിവസം പിന്നിട്ടിട്ടും കുറ്റക്കാർക്കെതിരെ നടപടിയെടുക്കാതെ പോലീസ് മാനേജ്‌മെന്റിന് ഒത്താശ പാടുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും എബിവിപി കുറ്റപ്പെടുത്തി.
ശ്രദ്ധയുടെ മരണത്തിൽ നിറയെ ദുരൂഹതകളാണെന്ന് എബിവിപി ചൂണ്ടിക്കാട്ടി. സാധാരണ ആത്മഹത്യയായി പരിഗണിച്ചുളള നടപടികളാണ് പോലീസ് സ്വീകരിക്കുന്നത്. എന്നാൽ മാനേജ്‌മെന്റിനെതിരെയോ ശ്രദ്ധ തല കറങ്ങി വീണതാണെന്ന് പറഞ്ഞ ഹോസ്റ്റൽ വാർഡനെതിരെയോ കേസെടുക്കാൻ പോലീസ് തയ്യാറായിട്ടില്ലെന്ന് അരവിന്ദ് ചൂണ്ടിക്കാട്ടി.
സംഭവത്തിൽ പ്രതിഷേധിച്ച് കോളേജിലേക്ക് എബിവിപി പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. വൻ പോലീസ് സന്നാഹം കോളജിന് പുറത്ത് ബാരിക്കേഡുകൾ വെച്ച് മാർച്ച് തടഞ്ഞു. തുടർന്ന് പ്രവർത്തതരും പോലീസും തമ്മിൽ ഉന്തും തളളും ഉണ്ടായി. ഏതാനും പ്രവർത്തകർക്ക് പരിക്കേൽക്കുകയും ചെയ്തതായി എബിവിപി നേതൃത്വം അറിയിച്ചു.
കഴിഞ്ഞ ദിവസം ശ്രദ്ധയുടെ വീട് എബിവിപി സംസ്ഥാന സെക്രട്ടറി എൻസിടി ശ്രീഹരിയും മറ്റ് പ്രവർത്തകരും സന്ദർശിച്ചിരുന്നു. ശ്രദ്ധയുടെ മരണത്തിൽ പ്രതിഷേധിച്ച കോളജിലെ വിദ്യാർത്ഥികളെ ക്യാമ്പസിൽ കയറി മർദ്ദിക്കാൻ പോലീസ് ശ്രമിച്ചതും വലിയ രോഷത്തിനിടയാക്കിയിരുന്നു.
Discussion about this post