തൃശ്ശൂർ: കാലടി പ്ലാന്റേഷനിൽ പുലിയിറങ്ങി. പശുവിനെ കടിച്ചുകൊന്നു. കാലടി പ്ലാന്റേഷൻ കോർപ്പറേഷൻ കല്ലാല എസ്റ്റേറ്റ് എട്ടാം ബ്ലോക്കിലെ ജനവാസ മേഖലയിലാണ് ഇന്നലെ പുലി എത്തിയത്.
അർദ്ധരാത്രിയോടെയായിരുന്നു സംഭവം. അയ്യകുളം രമേശിന്റെ വീട്ടിലെ പശുവിനെയാണ് പുലി കൊന്നത്. തൊഴുത്തിൽ എത്തിയ പുലി അഞ്ച് വയസ്സുള്ള പശുവിനെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ വലിയ ഭീതിയിലാണ് പ്രദേശവാസികൾ. ഇതിന് മുൻപും ജനവാസമേഖലയിൽ ഇറങ്ങിയ പുലി രമേശിന്റെ പശുവിനെ കൊന്നിട്ടുണ്ട്.
കഴിഞ്ഞ ഏതാനും നാളുകളായി ജനവാസ മേഖലയിൽ പതിവായി പുലി ഇറങ്ങാറുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്. പശുക്കൾ ഉൾപ്പെടെ നിരവധി വളർത്തു മൃഗങ്ങളെ പുലി ആക്രമിച്ചിട്ടുണ്ട്. പ്രദേശത്ത് മരങ്ങൾക്കിടയിലും പാറകൾക്ക് മുകളിലുമെല്ലാം പുലി ആക്രമിച്ച മൃഗങ്ങളുടെ അവശിഷ്ടങ്ങൾ കാണാറുണ്ടെന്നും പ്രദേശവാസികൾ വ്യക്തമാക്കുന്നു.
ഒരു മാസത്തിനിടെ പ്രദേശത്ത് ആറോളം കന്നുകാലികളെയാണ് പുലി ആക്രമിച്ച് കൊലപ്പെടുത്തിയിട്ടുണ്ട്. പ്രദേശവാസിയായ മനോഹറിന്റെ നാല് മൂരിക്കിടാങ്ങളെയും ഒരു പശുക്കിടാവിനെയും അടുത്തിടെ പുലി പിടിച്ചു. ക്വാട്ടേഴ്‌സുകളുടെ മുറ്റത്തുള്ള നിരവധി വളർത്ത് നായക്കളെയും പുലി പിടിച്ചിട്ടുണ്ട്.
Discussion about this post