കോഴിക്കോട്: വഴിവെട്ടുന്നതിനെച്ചൊല്ലി ഉണ്ടായ തർക്കം കൂട്ടയടിയിലേക്കെത്തിയത് സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ. കോഴിക്കോട് തിക്കോടിയിൽ ശനിയാഴ്ച നടന്ന സംഭവമാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. അതേസമയം അടിക്ക് പിന്നാലെ നടന്ന ചർച്ചയിൽ 30 വർഷമായി പരിഹാരമാകാതെ കിടന്ന തർക്കം പരിഹരിക്കപ്പെട്ടതായി അധികൃതർ പറയുന്നു.
തിക്കോടി പഞ്ചായത്തിലെ 11 ാം വാർഡിലാണ് സംഘർഷമുണ്ടായത്. ഈ വഴിയെച്ചൊല്ലി വർഷങ്ങളായി ഇവിടെ തർക്കം നിലനിന്നിരുന്നു. വഴി യാഥാർത്ഥ്യമായാൽ നൂറോളം കുടുംബങ്ങൾക്ക് ഗുണകരമാകുമെന്നതുകൊണ്ട് വാർഡ് മെമ്പറുടെ നേതൃത്വത്തിൽ പണി തുടങ്ങാൻ തീരുമാനിക്കുകയായിരുന്നു.
എന്നാൽ പണി തുടരുന്നതിനിടെ വഴി വെട്ടുന്ന ജോലിക്കാരും സമീപവാസികളും തർക്കമുണ്ടാകുകയും പിന്നീട് അയൽവാസികൾ തമ്മിലുളള തർക്കമായി മാറുകയുമായിരുന്നു. അതിന്റെ ബാക്കിയായിട്ടാണ് കൂട്ടയടി ഉണ്ടായത്. വഴിയുടെ അതിരിനെച്ചൊല്ലിയാണ് തർക്കമുണ്ടായതെന്ന് കരുതുന്നു. പുറത്തുനിന്നെത്തിയ ഒരു സംഘം വഴിയോട് ചേർന്ന് കെട്ടിയ മതിലിന്റെ കല്ലുകൾ ഇളക്കാൻ ശ്രമിച്ചതാണ് അടിയിലേക്ക് എത്തിച്ചത്.
സ്ത്രീകൾ അടക്കമുളളവർ ഓലമടലുമായി തല്ലുണ്ടാക്കിയവരെ അടിച്ചോടിക്കുന്നതാണ് ദൃശ്യങ്ങളിൽ ഉളളത്. സംഭവം ചർച്ചയായതോടെ പോലീസ് ഉൾപ്പെടെ വിഷയത്തിൽ ഇടപെട്ടു. പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചർച്ച നടത്തുകയും തർക്കം പരിഹരിക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു.
Discussion about this post