തിരുവനന്തപുരം : ഇടുക്കി ചിന്നക്കനാലിലെ ജനവാസമേഖലയിലെ ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയ അരിക്കൊമ്പനെ പിടികൂടാൻ കേരള സർക്കാർ ചെലവഴിച്ചത് ഒരു കോടിയിലേറെ രൂപ. വനം വകുപ്പിന് മാത്രം ചെലവായത് 85 ലക്ഷം രൂപയാണ്. പോലീസ്, റവന്യൂ, ഫയർഫോഴ്സ്, ഗതാഗത വകുപ്പ്, ആരോഗ്യവകുപ്പ്, മൃഗസംരക്ഷണ വകുപ്പ് എന്നിവയെല്ലാം കൂടി ഉണ്ടായ ചെലവ് ഒരു കോടി കവിയുമെന്നാണ് കണ്ടെത്തൽ. ഒന്നര മാസം എടുത്താണ് കേരളം അരിക്കൊമ്പനെ പൂട്ടിയത്.
അതേസമയം ഇതിന്റെ നേർപകുതി പണവും സമയവും മാത്രമേ തമിഴ്‌നാട് സർക്കാരിന് ചെലവായിട്ടുള്ളൂ. വെറും പത്ത് ദിവസം കൊണ്ട് തമിഴ്‌നാട് സർക്കാർ ആനയെ വലയിലാക്കി. അമ്പത് ലക്ഷം രൂപയാണ് തമിഴ്‌നാട് സർക്കാർ ഇതിന് വേണ്ടി ചെലവാക്കിയത്.
75 പേരാണ് അരിക്കൊമ്പൻ ദൗത്യത്തിനായി ദിവസങ്ങളോളം അവിടെ നിന്നത്. വയനാട്ടിൽ നിന്ന് മൂന്ന് കുങ്കിയാനകളെ എത്തിച്ചു. ഏറെ നാളത്തെ പ്രയത്‌നത്തിന് ശേഷം ഏപ്രിൽ 29 നാണ് അരിക്കൊമ്പനെ ആദ്യം പിടികൂടിയത്. തുടർന്ന് പെരിയാർ കടുവാ സങ്കേതത്തിൽ തുറന്നുവിട്ടു. അരിക്കൊമ്പനെ റേഡിയോ കോളർ ഉൾപ്പെടെ ഘടിപ്പിച്ചാണ് തുറന്നുവിട്ടത്.
എന്നാൽ തമിഴ്‌നാട്ടിലെ അതിർത്തി പ്രദേശങ്ങളിലെത്തിയ കാട്ടാന ജനങ്ങളെ പരിഭ്രാന്തരാക്കി. ഇതോടെ ആനയെ മയക്കുവെടി വെയ്ക്കാൻ തമിഴ്‌നാട് സർക്കാർ ഉത്തരവിട്ടു. തുടർന്ന് കഴിഞ്ഞ ദിവസമാണ് കാട്ടാനയെ പിടികൂടിയത്. അരിക്കൊമ്പനെ തിരുനെൽവേലിയിലെ മുണ്ടൻതുറൈ കടുവാ സങ്കേതത്തിലാണ് തുറന്ന് വിട്ടു.
Discussion about this post