കോലഞ്ചേരി: കടം വാങ്ങുന്നതും പറയുന്നതും പലപ്പോഴും ശത്രുക്കളെ സൃഷ്ടിക്കും എന്ന് കേട്ടിട്ടില്ലേ?. എന്നാൽ കോലഞ്ചേരി സ്വദേശിയായ ഓട്ടോ ഡ്രവർ വല്യത്തുട്ടേൽ ബാബുവിന് കടം നൽകിയതിലൂടെ ചെറുതല്ലാത്ത ഒരു ഭാഗ്യമാണ് കൈവന്നിരിക്കുന്നത്. 30 വർഷങ്ങൾക്ക് മുൻപ് താൻ നൽകിയ കടം ഇപ്പോൾ നൂറ് ഇരട്ടിയായി തിരിച്ചു കിട്ടിയതിന്റെ അമ്പരപ്പിലാണ് ബാബു.
കഴിഞ്ഞ ദിവസമാണ് എസ്ആർ അജിത് എന്ന യുവാവ് ബാബുവിനെ തേടിയെത്തിയത്. 30 വർഷം മുൻപ് കടം പറഞ്ഞ 100 രൂപ പലിശസഹിതം തിരിച്ചു നൽകാനായിരുന്നു ആ വരവ്. 1993 ൽ മൂവാറ്റുപുഴ- പട്ടിമറ്റം പാതയിലെ മംഗലത്തുനടയിൽ നിന്ന് മൂവാറ്റുപുഴയിലേക്ക് ഓട്ടം വിളിച്ചതാണ് അജിത്.
ചങ്ങനാശേരിയിലെ ബിഎഡ് പഠനകാലത്താണ് ഈ സംഭവം. മംഗലത്തുനടയിലുള്ള സഹപാഠിയുടെ വീട്ടിൽ എത്തിയതായിരുന്നു തിരുവനന്തപുരം സ്വദേശിയായ അജിത്. തിരികെ മൂവാറ്റുപുഴയിലേക്ക് പോകാൻ ബസ് കിട്ടിയില്ല. ബസ് കൂലിക്കുള്ള പണം മാത്രമെ അജിത്തിന്റെ കയ്യിൽ ഉണ്ടായിരുന്നുള്ളൂ. മറ്റ് വഴികൾ ഇല്ലാതായതോടെ ഓട്ടോക്കൂലി കടം പറഞ്ഞു.
പിന്നീട് പണം തിരിച്ച് നൽകാൻ ഒട്ടേറെ തവണ ശ്രമിച്ചെങ്കിലും ബാബുവിനെ കണ്ടെത്താനായില്ല. ഏറെ കാലത്തെ അന്വേഷണത്തിന് ശേഷം ബാബുവിലേക്ക് അജിത്ത് എത്തുകയായിരുന്നു. അന്ന് തന്നെ സഹായിച്ചതിനുള്ള പ്രത്യുപകാരമെന്നോണം കടം പറഞ്ഞതിന്റെ നൂറിരട്ടി അതായത് 10,000 രൂപ നൽകിയാണ് അജിത് മടങ്ങിയത.്
Discussion about this post