കൊച്ചി : മഹാരാജാസ് കോളേജിൽ എഴുതാത്ത പരീക്ഷ താൻ ജയിച്ചെന്ന് വരുത്തിത്തീർക്കാൻ ഗൂഢാലോചന നടന്നുവെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ. മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ പലവട്ടം വാക്ക് മാറ്റി പറയുകയാണ്. മാദ്ധ്യമങ്ങളും തനിക്കെതിരെ വ്യാജ വാർത്ത നൽകിയെന്നും ആർഷോ ആരോപിച്ചു. ഇതിനെതിരെ നിയമപോരാട്ടം നടത്തുമെന്നാണ് എസ്എഫ്‌ഐ നേതാവ് പറയുന്നത്.
ഗൂഢാലോചനയുടെ ഭാഗമായി തന്നെയും എസ്എഫ്‌ഐയെയും വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുന്നു. എസ്എഫ്‌ഐയെ ഇല്ലാതാക്കാമെന്നാണ് ധാരണയെങ്കിൽ അത് വേണ്ട. 2020 അഡ്മിഷനിൽ ഉള്ള തന്നെ 2021 ലെ കുട്ടികളുടെ ഒപ്പം പരീക്ഷ എഴുതിയതായി പ്രചരിപ്പിക്കുകയാണ്. പരീക്ഷാ ഫീസ് അടച്ചുവെന്ന തെറ്റായ പ്രചാരണം പ്രിൻസിപ്പൽ ഇന്നും നടത്തി. ഇക്കാര്യത്തിൽ ഗൗരവമായ അന്വേഷണം വേണം. അമൽ ജ്യോതി കോളേജിലെ വിദ്യാർത്ഥിയുടെ മരണത്തിൽ എസ്എഫ്‌ഐ സമര രംഗത്തേക്ക് വന്നതോടെയാണ് തനിക്കെതിരെ ആരോപണങ്ങൾ ഉയർന്നതെന്നും ആർഷോ പറഞ്ഞു.
ആർഷോയുടെ മാർക്ക് ലിസ്റ്റ് വിവാദത്തിൽ വീണ്ടും തിരുത്തുമായി മഹാരാജാസ് കോളേജ് രംഗത്തെത്തിയിരുന്നു. ആർഷോ മൂന്നാം സെമസ്റ്റർ പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തെന്ന നിലപാടിലാണ് മാറ്റം വരുത്തിയത്. ആർഷോ പുനഃപ്രവേശനം നേടിയത് നാലാം സെമസ്റ്ററിലാണെന്നും 2021 ലെ ബാച്ചിനൊപ്പമാണ് ആർഷോയുടെ റിസൾട്ട് വന്നിരിക്കുന്നതെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി.
2020 ലാണ് അഡ്മിഷൻ എടുത്തതെങ്കിലും കൃത്യമായി ക്ലാസിൽ കയറാത്തതിനാൽ റോൾ ഔട്ടായി. ഇതിനെ തുടർന്ന് 2021 ൽ ആർഷോ പുന:പ്രവേശനം നേടുകയായിരുന്നു. മാദ്ധ്യമപ്രവർത്തകർക്ക് നൽകിയ രേഖയിലുണ്ടായ ആശയക്കുഴപ്പമെന്നാണ് കോളേജിന്റെ വിശദീകരണം.
Discussion about this post