ന്യൂഡൽഹി : മദ്യനയക്കേസിൽ അറസ്റ്റിലായ ജയിലിൽ കഴിയുന്ന ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെക്കുറിച്ച് സംസാരിക്കുമ്പോൾ പൊട്ടിക്കരഞ്ഞ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. സിസോദിയയെ മിസ്സ് ചെയ്യുന്നു എന്നാണ് കെജ്രിവാൾ പറഞ്ഞത്. ഡൽഹിയിലെ പുതിയ സ്‌കൂൾ ഉദ്ഘാടനത്തിനിടെ സ്റ്റേജിൽ നിന്നാണ് അദ്ദേഹം കണ്ണീരണിഞ്ഞത്.
” ഇതെല്ലാം മനീഷ് ജിയാണ് തുടങ്ങിവെച്ചത്. ഓരോ കുട്ടിക്കും മികച്ച രീതിയിൽ വിദ്യാഭ്യാസം ഉറപ്പാക്കുക എന്നത് അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു. സ്‌കൂളുകൾ നിർമ്മിക്കുകയും കുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കുകയും ചെയ്തതിനാണ് അദ്ദേഹത്തെ ജയിലിലടച്ചത്” കെജ്രിവാൾ പറഞ്ഞു.
”വിദ്യാഭ്യാസ രംഗത്ത് ആം ആദ്മി സർക്കാർ കൊണ്ടുവരുന്ന മാറ്റങ്ങൾ ഇല്ലാതാക്കാനാണ് ബിജെപിയുടെ ശ്രമം. അത് ഒരു കാരണവശാലും അംഗീകരിച്ചു കൊടുക്കില്ല” കെജ്രിവാൾ പറഞ്ഞു.
ഡൽഹി സർക്കാരിന്റെ മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് മാർച്ച് ഒൻപതിനാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തത്.
Discussion about this post