തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്നതിനിടെ അറബിക്കടലിൽ രൂപപ്പെട്ട ബിപോർജോയ് ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. അടുത്ത 48 മണിക്കൂറിനുള്ളിൽ കാലവർഷം കേരളത്തിൽ എത്താൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.കേരള, കർണാടക തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് വിലക്കേർപ്പെടുത്തി.
കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമായി ഇടിമിന്നലും കാറ്റോടുകൂടിയ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അതിതീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ച ബിപോർജോയ് മദ്ധ്യ കിഴക്കൻ അറബിക്കടലിൽ നിന്ന് വടക്ക് വടക്ക് പടിഞ്ഞാറുദിശയിലേക്കാണ് സഞ്ചരിക്കുന്നത്. ചുഴലിക്കാറ്റിന്റെ സ്വാധീനം സംസ്ഥാനത്ത് മഴക്ക് കാരണമാകും. ഇടിമിന്നലും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത. ഞായറാഴ്ച്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യത പ്രവചിക്കുന്നു.തെക്കൻ കേരളത്തിലും മദ്ധ്യകേരളത്തിലും മഴ കനത്തേക്കും.
കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.കടലോര ഗതാഗതത്തിനും വിനോദ സഞ്ചാരത്തിനും ജില്ലാ ദുരന്തനിവാരണ അതോറിറ്റികൾ സാഹചര്യം വിലയിരുത്തി നിയന്ത്രണം ഏർപ്പെടുത്തുകയാണ്.
ദുരന്തം എന്നാണ് ‘ബിപോർജോയ്’ എന്ന വാക്കിനർത്ഥം. ബംഗ്ലാദേശുകാരാണ് ഈ പേര് നൽകിയിരിക്കുന്നത്.
Discussion about this post