എറണാകുളം: മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ എക്‌സ്പീരിയൻസ് സർട്ടിഫിക്കേറ്റ് ചമച്ച് ജോലി തട്ടാൻ ശ്രമിച്ച എസ്എഫ്‌ഐ നേതാവ് വിദ്യയ്‌ക്കെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കാലടി സർവ്വകലാശാലയിലെ മലയാളം വിഭാഗം. വിദ്യ പിഎച്ച്ഡിയ്ക്ക് പ്രവേശനം നേടിയത് എങ്ങനെയെന്ന് അന്വേഷിക്കണം എന്നാണ് മലയാളം വിഭാഗത്തിന്റെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് മലയാളം വിഭാഗത്തിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും വിസിയെ സമീപിക്കും.
വ്യാജ സർട്ടിഫിക്കേറ്റ് കേസിൽ പിടിക്കപ്പെട്ടതിന് പിന്നാലെ വിദ്യയുടെ പിഎച്ച്ഡി പ്രവേശനം സംബന്ധിച്ച് ആരോപണം ഉയർന്നിരുന്നു. ഇതോടെയാണ് മലയാളം വിഭാഗം രംഗത്ത് എത്തിയത്. സംവരണം അട്ടിമറിച്ചാണ് കാലടി ഗവേഷണത്തിന് വിദ്യ പ്രവേശനം നേടിയത് എന്നാണ് ആരോപണം. ഇക്കാര്യം സ്ഥിരീകരിക്കുന്നതിന് വേണ്ടിയാണ് അന്വേഷണം ആവശ്യപ്പെടുന്നത്. 2020 ലാണ് സർവ്വകലാശാലയിൽ വിദ്യ പിച്ച്ഡിയ്ക്ക് പ്രവേശനം നേടിയത്. ആദ്യം റെഗുലർ പിഎച്ച്ഡി ആയിരുന്നു. പിന്നീട് പാർട്ട് ടൈമിലേക്ക് മാറ്റി എന്നാണ് വിവരം.
വിദ്യയുടെ പിഎച്ച്ഡി പ്രവേശനത്തിനെതിരെ നേരത്തെ തന്നെ പരാതി ഉയർന്നിരുന്നു. 2019 ൽ അംബേദ്കർ സ്റ്റഡി സർക്കിൾ കോ ഓർഡിനേറ്ററും കാലടി സർവ്വകലാശാല വിദ്യാർത്ഥിയുമായ ദിനു വെയിലാണ് പരാതി നൽകിയിരുന്നത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താൻ സർവ്വകലാശാല തയ്യാറായിരുന്നില്ല.
Discussion about this post