മനാമ : ശരീരഭാരം കുറയ്ക്കാനുള്ള ശസ്ത്രക്രിയ നടത്തിയ യുവാവ് മരിച്ചു.
ബഹ്‌റൈനിലെ ഒരു സ്വകാര്യ ക്ലിനിക്കിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ 29 കാരൻ ഹുസൈൻ അബ്ദുൽ ഹാദിയാണ് മരിച്ചത്. ശസ്ത്രക്രിയയ്ക്ക് പിന്നാലെ ശാരീരികാസ്വാസ്ഥ്യങ്ങൾ അനുഭവപ്പെട്ടിരുന്നുവെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. യുവാവിന്റെ മരണത്തിലേക്ക് നയിച്ച സാഹചര്യം എങ്ങനെയെന്ന് പരിശോധിക്കുകയാണെന്ന് ബഹ്‌റൈൻ നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു.
സ്ലീവ് ഗ്യാസ്ട്രക്ടമി എന്ന ശസ്ത്രക്രിയയാണ് യുവാവിന് നടത്തിയത്. ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവാവിന് കഠിനമായ വയറുവേദന അനുഭവപ്പെട്ടിരുന്നു. ഇതോടെ ശാരീരിക സ്ഥിതി മോശമായി. ആശുപത്രിയിലെ ഡോക്ടർമാർ ഇത് ശ്രദ്ധിച്ചില്ലെന്നും അത് കാരണമാണ് മരണം സംഭവിച്ചത് എന്നും കുടുംബം ആരോപിച്ചു.
യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ നിന്ന് മെഡിക്കൽ ഫയലുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. തെളിവുകൾ പരിശോധിക്കാൻ കമ്മിറ്റിയെ നിയോഗിച്ചു. മരണത്തിന് കാരണം ചികിത്സാ പിഴവാണെന്ന് വ്യക്തമായാൽ ശക്തമായ നടപടിയെടുക്കുമെന്നും അധികൃതർ അറിയിച്ചു.
Discussion about this post