റോം: പാർലമെന്റിനുള്ളിൽ കുഞ്ഞിന് മുലയൂട്ടിയ ഇറ്റാലിയൻ പാർലമെന്റ് അംഗം സമൂഹമാദ്ധ്യമങ്ങളിളും വാർത്തകളിലും ഇടം പിടിക്കുന്നു. ഇറ്റാലിയൻ നിയമനിർമ്മാതാവ് ഗിൽഡ സ്‌പോർട്ടിയല്ലോ ആണ് രാജ്യത്തെ പാർലമെന്റിനുള്ളിൽ വെച്ച് കുഞ്ഞിനെ മുലയൂട്ടിയത്. പാർലമെന്റിലെ അധോസഭയിൽ നടന്ന പൊതുഭരണ വോട്ടെടുപ്പിനിടെയാണ് ഗിൽഡ മകൻ ഫെഡറിക്കോയെ മൂലയൂട്ടിയത്. ആദ്യമായാണ് ഇറ്റാലിയൻ പാർലമെന്റിനകത്ത് ഇത്തരമൊരു സംഭവം നടക്കുന്നത്.
വോട്ടെടുപ്പിനു ശേഷം അമ്മയേയും മകനെയും മറ്റ് പാർലമെൻറ് അംഗങ്ങൾ കയ്യടിയോടെ സ്വീകരിച്ചതും വാർത്തയായി. പാർലമെന്റ് വൈസ് പ്രസിഡന്റ് ജോർജിയോ മ്യൂൾ, ഗിൽഡയെ അഭിനന്ദിക്കുകയും അവരെ സഭയിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു.
ഇക്കഴിഞ്ഞ നവംബറിലാണ് പാർലമെന്റിനുള്ളിൽ കുഞ്ഞുങ്ങളെ മുലയൂട്ടാൻ അനുവദിക്കുന്ന നിയമം ഇറ്റാലിയൻ ഭരണകൂടം പാസാക്കിയത്. നിയമം അനുസരിച്ച് അംഗങ്ങൾക്ക് കുട്ടികളുമായി ചേമ്പറിൽ പ്രവേശിക്കാനും ഒരു വയസുവരെ അവരെ മുലയൂട്ടാനും അനുവദിക്കുന്നുണ്ട്.
കഴിഞ്ഞ ഒക്ടോബറിൽ ഇറ്റലിയിലെ ആദ്യ വനിതാ പ്രധാനമന്ത്രിയായി ജോർജിയ മെലോണി അധികാരമേറ്റതിൻറെ തുടർച്ചയായാണ് ലോകരാജ്യങ്ങളും നിയമവിദഗ്ദ്ധരും നിയമത്തെ വിലയിരുത്തിയത്. രാജ്യത്തെ സ്ത്രീ മുന്നേറ്റമായിട്ടാണ് ജോർജിയയുടെ പ്രധാനമന്ത്രി സ്ഥാനത്തെ ലോകം നോക്കിക്കാണുന്നത്.













Discussion about this post