കോട്ടയം: അമൽ ജ്യോതി കോളേജിൽ രണ്ടാം വർഷ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസിനും മന്ത്രിമാർക്കും എതിരെ ആരോപണവുമായി കുടുംബം രംഗത്ത്. ഇന്ന് കോട്ടയം എസ്പി ശ്രദ്ധയുടെ ആത്മഹത്യാ കുറിപ്പെന്ന നിലയിൽ ഉയർത്തിക്കാട്ടിയ തെളിവ് വ്യാജമാണെന്ന് ശ്രദ്ധയുടെ സഹോദരൻ ആരോപിച്ചു. മുൻപ് സമൂഹമാദ്ധ്യമത്തിൽ സുഹൃത്തുക്കളോട് പങ്കുവെച്ച സന്ദേശം സാഹചര്യം മാറ്റി ഉപയോഗിക്കുകയാണെന്നാണ് കുടുംബം പറയുന്നത്. 2022ൽ ശ്രദ്ധ സ്‌നാപ്പ് ചാറ്റിൽ എഴുതിയ കുറിപ്പാണ് ഇപ്പോൾ ആത്മഹത്യ കുറിപ്പായി അവതരിപ്പിച്ചിരിക്കുന്നത്. ഇതിന്റെ തെളിവുകൾ കുടുംബം പുറത്തുവിട്ടു.
കോളേജ് മാനേജ്‌മെന്റിനെ സഹായിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും മാനേജ്‌മെന്റ് ശ്രദ്ധയെ അപകീർത്തിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും ശ്രദ്ധയുടെ അച്ഛൻ കുറ്റപ്പെടുത്തി. ശ്രദ്ധയുടേത് ആത്മഹത്യ എന്ന് വരുത്തി തീർക്കാനുള്ള പോലീസ് നീക്കം അംഗീകരിക്കില്ലെന്നും കുടുംബം വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് കുടുംബത്തെ വിളിക്കാനോ സംസാരിക്കാനോ പോലീസ് തയ്യാറാകുന്നില്ലെന്ന് അച്ഛനും സഹോദരനുമടക്കം ബന്ധുക്കൾ കുറ്റപ്പെടുത്തി.
മാനേജ്‌മെൻറ് വർഗീയവൽക്കരിക്കാൻ ശ്രമിക്കുകയാണ്. കുട്ടിയെ മാനേജ്‌മെൻറ് കൊന്നതാണ്. വിഷയത്തിൽ ഇടപെട്ട മന്ത്രിമാർ മാനേജ്‌മെൻറിൻറെ കെണിയിൽപെട്ടെന്നും കുടുംബം കുറ്റപ്പെടുത്തി. മന്ത്രിമാർ മാനേജ്മെന്റിന്റെ കെണിയിൽപെടുകയായിരുന്നു. രണ്ടുപേരും ഒത്തുകളിച്ചു എന്നു പറയാൻ താൽപര്യമില്ല. മാനേജ്മെന്റിന്റെ ഒത്തുകളിക്ക് അവർ നിന്നുകൊടുക്കുകയായിരുന്നു. ശ്രദ്ധയെ കോളജ് മാനേജ്‌മെൻറ് കൊന്നതാണ്. അവളെ ആത്മഹത്യ ചെയ്യിച്ചതാണെന്നും കുടുംബം കുറ്റപ്പെടുത്തി.
Discussion about this post