തിരുവനന്തപുരം: നിയമലംഘനത്തിന്റെ പേരിൽ എ.ഐ.ക്യാമറയിൽ കുടുങ്ങിയവരും നിരവധി എംഎൽഎമാരും എംപിമാരും. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ മാത്രം വിഐപികളുടേതും സർക്കാരിന്റേതും ഉൾപ്പെടെ 36 വാഹനങ്ങളാണ് നിയമലംഘനത്തിന് ക്യാമറ കണ്ണിൽ പെട്ടത്. എന്നാൽ ഇവർ ഏതുതരം നിയമലംഘനമാണ് നടത്തിയത് എന്ന് കണ്ടെത്തണമെങ്കിൽ ചെലാൻ തയ്യാറാകണം.
കാസർകോട് എംപി രാജ്‌മോഹൻ ഉണ്ണിത്താന്റെ പേരിലുള്ള എംപി ബോർഡുള്ള കാർ, എറണാകുളം എംപി ഹൈബി ഈഡന്റെ എംപി ബോർഡ് സ്ഥാപിച്ച കാർ, തൃക്കരിപ്പൂർ എംഎൽഎ എം.രാജഗോപാലിന്റെ കാർ, തമിഴ്‌നാട്ടിൽ നിന്നുള്ള ഒരു എംഎൽഎയുടെ വാഹനം വയനാട്ടിൽ വച്ച് നിയമലംഘനം നടത്തി, കൊടുവള്ളി എംഎൽഎ ബോർഡ് വച്ച കാർ, കൊട്ടാരക്കരയിൽ സംസ്ഥാന പോലീസ് മേധാവിയുടെ പേരിലുള്ള വാഹനം എന്നിങ്ങനെ പോകുന്നു പട്ടിക.
നിയമലംഘനം നടത്തിയവർക്ക് ഇന്നലെ മുതൽ ചെലാൻ അയച്ചു തുടങ്ങി. മൂവായിരത്തോളം പേർക്കാണ് ഇന്നലെ ചെലാനും എസ്എംഎസും അയച്ചത്. ചെലാൻ അയക്കുന്നതിലെ പിഴവുകൾ ഇന്നലെ ഉച്ചയോടെ എൻഐസി പരിഹരിച്ചുവെന്നും അധികൃതർ പറയുന്നു. അതേസമയം റോഡ് ക്യാമറ പ്രവർത്തനം അവലോകനം ചെയ്യാൻ ഇന്ന് രാവിലെ 11 മണിക്ക് ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ യോഗം ചേരുന്നുണ്ട്.
Discussion about this post