ന്യൂഡൽഹി: സുഡാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന സമയത്ത് സൗദി അറേബ്യ നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദുമായി പ്രധാനമന്ത്രി നടത്തിയ സംഭാഷണത്തിനിടെയാണ്, അദ്ദേഹം രാജ്യത്തിന്റെ പേരിൽ നന്ദി അറിയിച്ചത്. ആഭ്യന്തര സംഘർഷം രൂക്ഷമായതിന് പിന്നാലെയാണ് ഏപ്രിലിൽ സുഡാനിൽ നിന്നുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന ദൗത്യം ആരംഭിച്ചത്. ഈ സമയം സൗദി അറേബ്യ ഇന്ത്യയ്ക്ക് നൽകിയത് വലിയ പിന്തുണയാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
വരാനിരിക്കുന്ന ഹജ് തീർഥാടനത്തിന് പ്രധാനമന്ത്രി ആശംസകൾ നേർന്നു. നിരവധി ഉഭയകക്ഷി സഹകരണ വിഷയങ്ങളിൽ നേതാക്കൾ തമ്മിൽ ഫോണിൽ സംസാരിച്ചതായും ആഗോള പ്രസക്തമായ വിഷയങ്ങളിൽ തങ്ങളുടെ കാഴ്ച്ചപ്പാടുകൾ പങ്കുവച്ചതായും പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു. ജി20 അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ ഇന്ത്യയുടെ എല്ലാ പ്രവർത്തനങ്ങൾക്കും മുഹമ്മദ് ബിൻ സൽമാൻ പിന്തുണ അറിയിച്ചിരുന്നു. ഭാവിയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിന് ചർച്ചകൾ തുടരേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും നേതാക്കൾ സംസാരിച്ചു.
സുഡാനിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി ഏപ്രിലിൽ ഇന്ത്യ ജിദ്ദയിൽ ഒരു ട്രാൻസിറ്റ് സെന്റർ നിർമ്മിച്ചിരുന്നു. ഓപ്പറേഷൻ കാവേരി ദൗത്യത്തിന്റെ ഭാഗമായിട്ടാണ് ഇന്ത്യ സുഡാനിലുള്ള തങ്ങളുടെ പൗരന്മാരെ ജിദ്ദയിലേക്ക് കൊണ്ടുവന്നത്. ഇവിടെ നിന്നാണ് ഇന്ത്യയിലേക്ക് യാത്ര തിരിക്കുന്നത്.
Discussion about this post