വാഷിംഗ്ടൺ: കാനഡയിൽ ആളിപ്പടരുന്ന കാട്ടുതീയിൽ നിന്നുള്ള പുകയിൽ ശ്വാസംമുട്ടി അമേരിക്കൻ നഗരങ്ങൾ. വാഷിംഗ്ടൺ, ഫിലാഡെൽഫിയ,ന്യൂയോർക്ക് തുടങ്ങിയ വൻ നഗരങ്ങൾ ഉൾപ്പെടെ പുകയിൽ അമർന്നിരിക്കുകയാണ്.കാട്ടുതീയുടെ പുക അമേരിക്കയിലേക്ക് പടർന്ന് ഗുരുതരമായ പ്രശ്നങ്ങളും സൃഷ്ടിക്കുന്നുണ്ട്. ന്യൂയോർക്കിലെ സ്റ്റാച്യൂ ഓഫ് ലിബർട്ടി സ്ഥിതി ചെയ്യുന്ന പ്രദേശമുൾപ്പെടെ പല മേഖലകളിലും കനത്ത പുകയാണ്. ന്യൂയോർക്ക് നഗരത്തിലെ വായു ശ്വാസയോഗ്യമല്ലെന്നും അനാരോഗ്യകരമാണെന്നും റിപ്പോർട്ടുകളുണ്ട്. വായുനിലവാരം മോശമായതിനാൽ അമേരിക്കയിൽ നിരവധിപേർക്ക് ശ്വാസകോശ സംബന്ധമായ രോഗങ്ങളും റിപ്പോർട്ട് ചെയ്തു.
ന്യൂയോർക്കിനെ വിഴുങ്ങിയ പുകയ്ക്ക് കാരണം നഗരത്തിന് പുറത്തു നിന്നെത്തിയവരാണെന്നാണ് ചിലർ വാദിക്കുന്നത്. നഗരം പണ്ട് മുതൽക്കേ അന്യഗ്രഹജീവികളുടെ ശല്യം പല രീതിയിൽ അനുഭവിക്കുന്നുണ്ടെന്നും പുകയ്ക്ക് പിന്നിലും പറക്കുംതളികയിലെത്തിയ ആ സംഘം തന്നെയാണെന്നാണ് അന്യഗ്രഹജീവികളുണ്ടെന്ന് വിശ്വസിക്കുന്നവരുടെ കൂട്ടം ഉയർത്തുന്ന വാദം. കാനഡയിലെ കാട്ടുതീയ്ക്ക് പിന്നിലും ഈ പറഞ്ഞ അന്യഗ്രഹജീവികളാണെന്നാണ് ഇവരുടെ പ്രചാരണം. നഗരത്തിൽ നിന്ന് വേരോടെ മനുഷ്യനെ ഒഴിപ്പിച്ച് പിടിച്ചെടുക്കാനുള്ള അന്യഗ്രഹജീവികളുടെ തന്ത്രത്തിന്റെ ഫലമാണ് ചുവന്ന സൂര്യനും പുകപടലവുമെന്നുവരെ വാദങ്ങൾ ഉയർന്നു കഴിഞ്ഞു. എന്നാൽ ഈ വാദങ്ങളെല്ലാം യുഎസിലെ ശാസ്ത്രജ്ഞന്മാരും ഉദ്യോഗസ്ഥരും പാടെ തള്ളി കളഞ്ഞിരിക്കുകയാണ്.
കഴിഞ്ഞമാസം ഒരു കുടുംബം തങ്ങളുടെ പുരയിടത്തിൽ അന്യഗ്രഹവാഹനം ലാൻഡ് ചെയ്‌തെന്നും 10 അടി ഉയരമുള്ള വലിയ ജീവിയെ കണ്ടെന്നും പോലീസിനോട് പറഞ്ഞിരുന്നു. ഈ കുടുംബത്തിന്റെ അയൽക്കാരനായ യുവാവും തന്റെ വീടിന് സമീപത്ത് മനുഷ്യരല്ലാത്ത ജീവിയെ കണ്ടതായി പറഞ്ഞിരുന്നു.
അതേസമയം സമീപകാല ചരിത്രത്തിലെ ഏറ്റവും മോശം വായുവാണ് അമേരിക്കൻ നഗരങ്ങളിൽ ഇപ്പോൾ ഉള്ളതെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. .ന്യൂയോർക്ക് നഗരത്തിലെ തെരുവുകളുടെ നിറം ഓറഞ്ച് നിറമായി മാറി. നഗരം ലോകത്തിലെ ഏറ്റവും മോശം വായു ഗുണനിലവാരത്തിന്റെ പട്ടികയിൽ ഒന്നാമതെത്തി.
Discussion about this post