തിരുവനന്തപുരം : എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ നേതൃത്വത്തിന് രൂക്ഷ വിമർശനം. സംസ്ഥാന സമിതി അംഗത്തിന്റെ ലഹരി ഉപയോഗത്തിനെതിരെ നടപടി എടുത്തില്ലെന്ന വിമർശനങ്ങളാണ് പ്രതിനിധികൾ ഉന്നയിച്ചത്. തിരുവനന്തപുരത്തു നിന്നുള്ള സംസ്ഥാന സമിതി അംഗം നിരഞ്ജനെതിരെയാണ് വിമർശനം ഉയർന്നത്.
നേരത്തെ നിരഞ്ജൻ മദ്യപിക്കുന്ന ചിത്രം പുറത്തുവന്നിരുന്നു. ഇത് വ്യാപക വിമർശനങ്ങൾക്ക് വഴിവെച്ചെങ്കിലും സംഘടനയിൽ നിന്നുയർന്നുവന്ന സംഭവത്തിനെതിരെ നടപടിയെടുക്കാത്തിരുന്നില്ല. ഈ സംഭവത്തിൽ പാറശാല, വിതുര കമ്മിറ്റികളിൽ നിന്നാണ് വിമർശനം ഉയർന്നത്.
കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ ആൾമാറാട്ടത്തിൽ ജില്ലാ നേതാക്കൾക്കും പങ്കുണ്ടെന്നും സമ്മേളനത്തിൽ വിമർശനമുണ്ടായി. ഒളിവിൽ തുടരുന്ന വിശാഖ് എസ്എഫ്‌ഐയെ പ്രതിസന്ധിയിലാക്കി. ഇത് എസ്എഫ്‌ഐക്ക് നാണക്കേട് ഉണ്ടാക്കി. വിഷയവുമായി ബന്ധപ്പെട്ട മുഴുവൻ പേർക്കെതിരെയും നടപടി വേണമെന്ന ആവശ്യവും ഉയർന്നിരുന്നു.
ജില്ലാ സെക്രട്ടറി എസ് കെ ആദർശിന് പ്രായ കൂടുതലാണ്. 26 വയസ്സു കഴിഞ്ഞിട്ടും ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിലനിർത്തി. പ്ലസ് ടൂ വിദ്യാഭ്യാസ യോഗ്യത മാത്രമുള്ള സെക്രട്ടറി ആണ് ആദർശെന്നും പരിഹാസമുണ്ടായി.
അതേസമയം ജില്ലാ നേതാക്കൾ എസ്എസ്എൽസി ബുക്കുമായി സമ്മേളനത്തിന് എത്തിയാൽ മതിയെന്നാണ് സിപിഎം ജില്ലാ സെക്രട്ടറിയുടെ നിർദ്ദേശം. പ്രായം മറച്ചുവച്ച് കമ്മറ്റികളിൽ എത്തുന്ന വരെ തടയാനാണ് ഈ നീക്കം.
Discussion about this post