കാസർകോട്: എറണാകുളം മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജരേഖയുണ്ടാക്കിയ കേസിൽ മുൻ എസ്എഫ്‌ഐ നേതാവും കാസർകോട് തൃക്കരിപ്പൂർ സ്വദേശിയുമായ കെ.വിദ്യയുടെ വീട്ടിൽ അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ഉദ്യോഗസ്ഥർ എത്തി. തൃക്കരിപ്പൂരിലെ ഈ വീട് പൂട്ടിയിട്ട നിലയിലായിരുന്നു. തൊട്ടടുത്ത വീടുകളിൽ നിന്ന് പോലീസ് വിവരങ്ങൾ ശേഖരിച്ചു. വിദ്യയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് നാല് ദിവസം കഴിഞ്ഞെങ്കിലും ഇതുവരെ ഇവരെ കണ്ടെത്താനായിട്ടില്ല. വിദ്യ ഒളിവിലാണെന്നാണ് പോലീസ് ഭാഷ്യം.
എന്നാൽ കാലടി സർവ്വകലാശാലയിലെ ഒരു ഹോസ്റ്റലിൽ വിദ്യ ഒളിവിൽ കഴിയുന്നുണ്ടെന്നാണ് കെഎസ്‌യുവിന്റെ ആരോപണം. വിദ്യയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്‌തെങ്കിൽ മാത്രമേ വ്യാജരേഖ വിവാദത്തിൽ കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളു. അഗളി പോലീസ് ഇൻസ്‌പെക്ടർ കെ.സലീമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. അഗളി ഗവൺമെന്റ് കോളേജിലെ പ്രിൻസിപ്പൾ ഇൻ ചാർജ് ലാലിമോൾ വർഗീസിന്റെ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മഹാരാജാസിലെ മുൻ അദ്ധ്യാപികയായ ലാലിമോൾക്ക് തോന്നിയ സംശയത്തിൽ മഹാരാജാസിൽ വിളിച്ച് അന്വേഷിച്ചപ്പോഴാണ് രേഖ വ്യാജമാണെന്ന് വ്യക്തമാകുന്നത്.
ഇന്നലെ ഈ കോളേജിൽ എത്തിയും പോലീസ് ഉദ്യോഗസ്ഥർ വിവരങ്ങൾ ശേഖരിച്ചിരുന്നു. വിദ്യയ്‌ക്കെതിരെ മഹാരാജാസ് കോളേജ് അധികൃതർ നൽകിയ പരാതിയും അഗളി സ്റ്റേഷനിലേക്കാണ് കൈമാറിയിരിക്കുന്നത്.അതേസമയം വിദ്യ എംഫില്ലിലും തട്ടിപ്പ് നടത്തിയെന്ന ആരോപണവുമായി കെഎസ്‌യു രംഗത്തെത്തി. ഒരിടത്ത് വിദ്യാർത്ഥിയായും മറ്റൊരിടത്ത് അദ്ധ്യാപികയായി നിന്നുമാണ് വിദ്യ എംഫിൽ നേടിയത്. ഇത് ചട്ടലംഘനമാണെന്ന് കെഎസ്‌യു ആരോപിച്ചു. എസ്എഫ്‌ഐയിൽ പ്രവർത്തിക്കുമ്പോഴാണ് വിദ്യ ഈ തട്ടിപ്പ് നടത്തിയതെന്നും വിദ്യയ്ക്ക് കൈ കഴുകാനാകില്ലെന്നും കെഎസ്‌യു പറഞ്ഞു.
Discussion about this post