എറണാകുളം: പരീക്ഷ എഴുതാതെ എസ്എഫ്‌ഐ നേതാവ് ആർഷോ വിജയിച്ചെന്ന് രേഖപ്പെടുത്തിയ വാർത്ത നൽകിയ മാദ്ധ്യമപ്രവർത്തകയ്‌ക്കെതിരെ കേസ് എടുത്തതിനെ വിമർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. പോലീസ് നടപടി മാദ്ധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നു കയറ്റമാണെന്ന് സുരേന്ദ്രൻ പറഞ്ഞു. വാർത്ത നൽകിയതിന് ആർഷോയുടെ പരാതിയിൽ ഏഷ്യാനെറ്റ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരെയാണ് കേസ് എടുത്തിട്ടുള്ളത്.
ചങ്ങലയ്ക്ക് ഭ്രാന്ത് പിടിക്കുക എന്ന പഴഞ്ചൊല്ല് അന്വർത്ഥമാക്കുന്ന രീതിയിലാണ് ഇപ്പോഴത്തെ കേരളത്തിലെ സംഭവവികാസങ്ങളെന്ന് സുരേന്ദ്രൻ പറഞ്ഞു. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പരീക്ഷ എഴുതാതെ പാസായ സംഭവം റിപ്പോർട്ട് ചെയ്ത കൊച്ചിയിലെ ഏഷ്യാനെറ്റ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരെ കേസെടുക്കാനുള്ള കേരള പോലീസിന്റെ തീരുമാനം മാദ്ധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണ്. ഭരിക്കുന്ന പാർട്ടിയുടെ ചട്ടുകമായി മാറുകയാണ് പോലീസ്. സർക്കാരിനും സിപിഎമ്മിനുമെതിരെ ശബ്ദമുയർത്തുന്നവരെ അടിച്ചമർത്തുന്ന ഫാസിസ്റ്റ് സമീപനമാണ് പിണറായി വിജയൻ കൈക്കൊള്ളുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കുട്ടിസഖാക്കൾക്ക് കേരളത്തിൽ എന്തുമാവാമെന്നാണ് സിപിഎം കരുതുന്നതെങ്കിൽ അത് അനുവദിച്ചു തരാൻ ബിജെപി ഒരുക്കമല്ല. അടിയന്തരാവസ്ഥയെ നാണിപ്പിക്കുന്ന തരത്തിലുള്ള ഇടത് സർക്കാരിന്റെ ഈ ജനാധിപത്യവിരുദ്ധതക്കെതിരെ എല്ലാ ജനാധിപത്യ വിശ്വാസികളും രംഗത്തിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Discussion about this post