ചെന്നൈ: തമിഴ്‌നാട്ടിൽ സൈനികന്റെ ഭാര്യയ്ക്ക് ആൾക്കൂട്ട മർദ്ദനം. ജവാൻ ഹവീൽദാർ പ്രഭാകരന്റെ ഭാര്യ കീർത്തിയെ ആണ് ഒരു സംഘം ആളുകൾ അതിക്രൂരമായി മർദ്ദിച്ചത്. ആക്രമണത്തിൽ സാരമായി പരിക്കേറ്റ കീർത്തിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പടവേദുഗ്രാമത്തിലാണ് പ്രഭാകരന്റെ ഭാര്യയും കുടുംബവും ഉള്ളത്. ഗ്രാമത്തിലെ ക്ഷേത്രത്തിന് എതിർവശത്ത് കീർത്തി സ്വന്തമായി കട നടത്തിവരികയാണ്. കഴിഞ്ഞ ദിവസം ഇവിടെ എത്തിയ ഒരു സംഘം ആളുകൾ കീർത്തിയോട് കട അടയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇത് കീർത്തി ചോദ്യം ചെയ്തു. ഇതോടെയായിരുന്നു സംഘം യുവതിയെ മർദ്ദിച്ചത്. ആക്രമണത്തെ തുടർന്ന് യുവതി അവശയായി നിലത്ത് വീണു. ഇതോടെയാണ് സംഘം ആക്രമണം മതിയാക്കി പോയത്. സാരമായി പരിക്കേറ്റ യുവതിയെ പിന്നീട് നാട്ടുകാരിൽ ചിലർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ഇതിന് പിന്നാലെ തിരുവാൻമലൈ പോലീസിൽ പരാതിപ്പെട്ടു. എന്നാൽ യാതൊരു നടപടിയും സ്വീകരിക്കാൻ പോലീസ് തയ്യാറായില്ല. ഡിഎംകെ പ്രാദേശിക നേതൃത്വവുമായി ബന്ധമുള്ളവർ ഈ കൂട്ടത്തിൽ ഉണ്ട്. ഇതാണ് പോലീസ് കേസ് എടുക്കാൻ വിസമ്മതിക്കുന്നതിന് കാരണം എന്നാണ് ഉയരുന്ന ആക്ഷേപം.
പ്രഭാകരൻ നിലവിൽ ഡെപ്യൂട്ടേഷനിൽ ജമ്മു കശ്മീരിലാണ് ഉള്ളത്. കീർത്തിയ്ക്ക് മർദ്ദനം ഏറ്റ വിവരം അറിഞ്ഞതിന് പിന്നാലെ ഭാര്യയെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം വീഡിയോ സന്ദേശം പങ്കുവച്ചിരുന്നു. 120 ഓളം പേർ സംഘത്തിൽ ഉണ്ടായിരുന്നുവെന്നും സംഭവത്തിൽ പോലീസിന്റെ ഭാഗത്തു നിന്നും യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സംഭവത്തെ ശക്തമായി അപലപിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ അണ്ണാമലൈ രംഗത്ത് എത്തി. സംഭവവുമായി ബന്ധപ്പെട്ട് പ്രഭാകരനുമായി അദ്ദേഹം ഫോണിൽ സംസാരിക്കുകയും ചെയ്തു.
Discussion about this post