കാക്കനാട്: താടി മൂലം സീറ്റ് ബെൽറ്റ് മറഞ്ഞു പോയതിന്റെ പേരിൽ എ.ഐ ക്യാമറയിൽ കുടുങ്ങി പുരോഹിതൻ. പടമുകൾ സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് ഓർത്തഡോക്‌സ് പള്ളി വികാരി ഫാ.ജോൺ ജോർജിനാണ് എഐ ക്യാമറ പണി കൊടുത്തത്. അടൂരിൽ മാതാപിതാക്കളെ കണ്ട് കാക്കനാടേക്ക് മടങ്ങുന്ന വഴിയിൽ ചെങ്ങന്നൂരും നാഗമ്പടത്തും വച്ചാണ് പുരോഹിതൻ ക്യാമറക്കണ്ണിൽ പെട്ടത്. വൈകിട്ടോടെ കാക്കനാട് തിരിച്ച് എത്തിയപ്പോഴാണ് മൊബൈൽ ഫോണിൽ ഇത് സംബന്ധിച്ചുള്ള സന്ദേശം കിട്ടുന്നത്.
സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് പിഴ അടയ്ക്കണമെന്നായിരുന്നു സന്ദേശം.ചെങ്ങന്നൂർ കല്ലിശ്ശേിയിലെ ക്യാമറയിൽ നിന്നുള്ള ദൃശ്യങ്ങളും ഇതോടൊപ്പം ഉണ്ടായിരുന്നു. പിറ്റേന്ന് കാക്കനാട് ആർടിഒ ഓഫീസിൽ എത്തി പുരോഹിതൻ കാര്യങ്ങൾ വ്യക്തമാക്കി. താടിയുടെ മറവിലായിരുന്നു സീറ്റ് ബെൽറ്റ് എന്നതിനാലാണ് ക്യാമറയിൽ വ്യക്തമാകാതിരുന്നത്. മഴ മൂലം ദൃശ്യങ്ങളിൽ വ്യക്തതക്കുറവും ഉണ്ടായിരുന്നു.
കാര്യങ്ങൾ ബോധിപ്പിച്ച് തിരികെ എത്തി രാത്രി ആയപ്പോഴാണ് അടുത്ത സന്ദേശം വരുന്നത്. നാഗമ്പടം പാലത്തിന് സമീപത്തെ ക്യാമറയിൽ നിന്നുള്ള ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഈ സന്ദേശം. രണ്ട് ദിവസം അവധി ആയതിനാൽ പരാതി നൽകാൻ സാധിച്ചിട്ടില്ല. വീണ്ടും ആർടിഒ ഓഫീസിലെത്തി കാര്യം വ്യക്തമാക്കുമെന്ന് ഫാ.ജോൺ ജോർജ് പറഞ്ഞു.
Discussion about this post